കരുനാഗപ്പള്ളി: തഴവ വടക്കുംമുറി കിഴക്ക് നിലാവ് നന്ദദേവൻ (19) വാഹനാപകടത്തിൽ മരണപ്പെട്ടു. കരുനാഗപ്പള്ളിയിൽ നിന്നും പുതിയകവിലേക്ക് പോകും വഴിയിലുള്ള പള്ളിമുക്കിൽ പള്ളിക്ക് സമീപം വച്ച് മറ്റൊരു ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി ബൈകിൽ നിന്നും തെറിച്ച് വീണാണ് അപകടം സംഭവിച്ചത്.
ബൈക്കിൽ നിന്നും തെറിച്ച് പോയ നന്ദദേവൻ്റെ തല വൈദ്യുതി പോസ്റ്റിലിടിച്ചാണ് മരണം സംഭവിച്ചത്. ഒപ്പം ഉണ്ടായിരുന്ന ശ്രീനാഥ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നന്ദദേവൻ്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച കായംകുളം പത്തിയൂർ ഏവൂരിലെ മാതാവിൻ്റെ കുടുംബ വീട്ടിൽ സംസ്ക്കരിക്കും. പിതാവ് കമൽ, മാതാവ് വന്ദന വിശ്വനാഥ് (എഐവൈഎഫ് ഭരണിക്കാവ് മണ്ഡലം കമ്മിറ്റി അംഗം). മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥ് ൻ്റെ ചെറുമകൻ ആണ് മരണപ്പെട്ട നന്ദദേവൻ.
നന്ദദേവൻ ഇന്ത്യയെ പ്രതിനിധീകരിച്ച് ഭൂട്ടാനിൽ നടന്ന ഏഷ്യൻ റൂറൽ സ്പോർട്സ് & ഗയിംസിൽ ഇന്ത്യൻ ടീമിൽ അംഗമായി പങ്കെടുത്തിട്ടുണ്ട്. നന്ധദേവൻ സജീവ എഐഎസ്എഫ് പ്രവർത്തകനായിരുന്നു. ഓച്ചിറ മുൻ മണ്ഡലം കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്നു.