തിരുവനന്തപുരം: സംസ്ഥാനത്തെ ഇ-ഗ്രാൻഡ്സ് സ്കോളർഷിപ്പ് വിതരണം മുടങ്ങിയതോടെ പ്രതിസന്ധിയിലായി ന്യൂനപക്ഷ ഗവേഷക വിദ്യാർഥികൾ. ഒബിസി, ഒഇസി വിഭാഗങ്ങളിലെ ഗവേഷക വിദ്യാർഥികൾക്ക് എല്ലാവർഷവും കിട്ടിപ്പോന്നിരുന്ന ഗ്രാൻഡാണ് ധനവകുപ്പ് പണം അനുവദിക്കാത്തതു കാരണം ഒരുവർഷമായി മുടങ്ങിയിരിക്കുന്നത്. പ്രതിമാസം 23,000 രൂപാ വീതം കിട്ടിക്കൊണ്ടിരുന്ന സ്കോളർഷിപ്പ് മുടങ്ങിയതോടെ വിദ്യാർഥികൾക്ക് ഗവേഷണത്തിനായി സ്വന്തം കയ്യിൽ നിന്ന് പണം മുടക്കേണ്ട അവസ്ഥയാണ് ഇപ്പോഴുളളത്.
അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് എഐഎസ്എഫ് ധനകാര്യ മന്ത്രിയ്ക്ക് കത്തയച്ചു. ഭാരിച്ച സാമ്പത്തിക ചിലവുകൾ ഉള്ളതിനാൽ പഠനം നിലച്ചിരിക്കുന്ന അവസ്ഥയിലാണ് വിദ്യാർത്ഥികളെന്നും ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ്, സർവകലാശാല ഫീസ് എന്നിവ അടയ്ക്കാൻ സാധിക്കാതെ വിദ്യാർത്ഥികൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും എഐഎസ്എഫ് കത്തിൽ പറഞ്ഞു. വിദ്യാർത്ഥികളെ അനുദിനം വലച്ചുകൊണ്ടിരിക്കുന്ന ഈ പ്രശ്നത്തിൽ വേണ്ടത്ര ഗൗരവത്തിൽ ഇടപെടണമെന്നും വിദ്യാർത്ഥികൾക്ക് അർഹമായ ഈ തുക എത്രയും പെട്ടന്ന് വിതരണം ചെയ്യണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ കത്തിൽ സൂചിപ്പിച്ചു.
വിദ്യാർത്ഥികൾക്ക് ഫെല്ലോഷിപ് തുക അനുവദിക്കാത്തതു മൂലം ഗവേഷണം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നില്ല. ഗവേഷണ കാലയളവിൽ കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവയിൽ നിർബന്ധമായും പങ്കെടുക്കേണ്ടതുണ്ട്. കൂടാതെ പല വിദ്യാർത്ഥികളുടെയും ഗവേഷണ ഫീൽഡുകൾ ദൂരെ സ്ഥലങ്ങളിലുമാണ് ആയതിനാൽ ഡാറ്റാ കളക്ഷൻ ഉൾപ്പെടെ മുടങ്ങുന്ന അവസ്ഥയിലാണെന്നും എഐഎസ്എഫ് കത്തിലൂടെ അറിയിച്ചു.