കൊട്ടാരക്കര : എഐഎസ്എഫിന്റെ പ്രതിഷേധത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരനു സസ്പെൻഷൻ. വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട കൺസെഷൻ നൽകുന്നതിനു ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരെ വ്യാപക പരാതി ലഭിച്ചതിനെ തുടർന്നാണ് എഐഎസ്എഫ് പ്രതിഷേധം സംഘടിപ്പിച്ചത്. എട്ടു മണിക്ക് ജോലിക്ക് ഹാജരാകേണ്ട ഉദ്യോഗസ്ഥൻ ദിവസവും വൈകിയാണ് ജോലിക്ക് കയറിയിരുന്നതെന്ന പരാതി ഉയർന്നിരുന്നു. ഇത് ചോദ്യ ചെയ്ത വിദ്യാർത്ഥികളോടടക്കം മോശമായ പെരുമാറ്റമാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നു ഉണ്ടായതെന്ന് എഐഎസ്എഫ് ആരോപിച്ചു.
കൺസെഷൻ കൗണ്ടർ സമയബന്ധിതമായി പ്രവർത്തിപ്പിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന പ്രവണത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഐഎസ്എഫ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടിഒ ഓഫീസിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിനെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.
അപേക്ഷകൾ കെട്ടിക്കിടക്കുകയും കൺസക്ഷനായി വരുന്ന വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന പ്രവണതയും അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും തുടർന്നും ഈ സ്ഥിതിയുണ്ടായാൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും നേതാക്കൾ കൊട്ടാരക്കര എടിഒ ഉദയകുമാറോട് നേരിട്ടു കണ്ട് പറഞ്ഞിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ കൺസക്ഷൻ നടപടികൾ ക്രമീകരിക്കുമെന്ന് എഐഎസ്എഫ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ എടിഒ ഉറപ്പ് നൽകിയിരുന്നു. എഐഎസ്എഫ് ശക്തമായ ഇടപെടലിനെ തുടർന്ന് ആരോപണ വിധേയനായ കെഎസ്ആർടിസി ജീവനക്കാരനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു കൊണ്ട് ഉത്തരവിറക്കി.
മണ്ഡലം പ്രസിഡൻ്റ് അഖിൽദാസ് അധ്യക്ഷത വഹിച്ച മാർച്ചിൽ, മണ്ഡലം സെക്രട്ടറി ഫെലിക്സ് സാംസൺ സ്വാഗതം പറഞ്ഞു. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ഡി എൽ അനുരാജാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. എഐഎസ്എഫ് ജില്ലാ വൈസ്പ്രസിഡൻ്റ് യദു കരീപ്ര, എഐവൈഎഫ് മണ്ഡലം സെക്രട്ടറി പി. പ്രവീൺ, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. സി.ആർ മഹേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എ. ഇന്ദുഗോപൻ, ജെ. അഭിരാമി, വർഷ പ്രസാദ്, മണ്ഡലം ജോയിന്റ് സെക്രട്ടറി ബി അശ്വന്ത്, അശ്വിൻ അമൃത്, ബിജീഷ്,സച്ചിൻ എസ്,അരവിന്ദ്, കല്യാണി, ഫൈസൽ, വിഘനേഷ്, ആരോമൽ, അനന്ദു പൂവറ്റൂർ കൃഷ്ണകുമാർ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.