കൊട്ടാരക്കര: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന ”നിറവ്2022” കാമ്പയിന് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കര കോരുത് വിള എൻഎംഎൽപി സ്കൂളിൽ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ നിർവ്വഹിച്ചു. കോവിഡ് പ്രതിസന്ധി ഘട്ടത്തിലടക്കം വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ എഐഎസ്എഫ് നടത്തിയ പ്രവർത്തനം മറക്കാനാകാത്തതാണ്. കോവിഡിന് ശേഷവും എഐഎസ്എഫ് ഇത് തുടരുകയാണ്. പഠന സൗകര്യങ്ങളില്ലാത്ത കുട്ടികളെ പഠന രംഗത്ത് മുന്നോട്ട് കൊണ്ടുവരേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തനം നടത്തുന്നവരാണ് സംസ്ഥാനത്തെ എഐഎസ്എഫ് പ്രവർത്തകരെന്നും പി കബീർ അഭിപ്രായപ്പെട്ടു.
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള പഠനോപകരണങ്ങൾ പിറ്റിഎ പ്രസിഡൻ്റ് ചിഞ്ചുവിന് എഐഎസ്എഫ് പ്രവർത്തകർ കൈമാറി. യോഗത്തിൽ എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അനന്തു എസ് പോച്ചയിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് മിനി എം മാത്യു സ്വാഗതം പറഞ്ഞു. എഐവൈഎഫ് ജില്ല വൈസ് പ്രസിഡന്റ് ശ്രീജിത്ത് എം ഘോഷ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി എ അധിൻ, ജോബിൻ ജേക്കബ്, യധു കരീപ്ര, സുജിത്ത്, ഹരിത ഹർഷൻ എന്നിവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി ഫെലിക്സ് സാംസൺ നന്ദി പറഞ്ഞു.
വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും കാമ്പയ്ൻ സംഘടിപ്പിക്കുമെന്നും അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ എത്തിച്ച് നൽകുമെന്നും ജില്ലാ സെക്രട്ടറി എ അധിനും പ്രസിഡൻ്റ് അനന്തു എസ് പോച്ചയിലും അറിയിച്ചു.