പത്തനംതിട്ട: അഗ്നിപഥ് പദ്ധതിക്കെതിരെ സമരം നടത്തിയതിനു പൊലീസ് അറസ്റ്റ്ചെയ്ത എഐഎസ്എഫ് പ്രവർത്തകർ ജയിൽ മോചിതരായി. പത്തനംതിട്ട ജില്ലയിലെ എഐഎസ്എഫ് പ്രവർത്തകരായ അനിജുവും ബൈജു മുണ്ടപ്പള്ളിയുമാണ് ജയിൽ മോചിതരായത്.
സൈന്യത്തിൽ കരാർവത്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള അഗ്നിപഥ് പദ്ധ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫും എഐവൈഎഫും രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചുവരുന്നത്.
ജൂൺ 14 നാണ് കേന്ദ്രസർക്കാർ പുതിയ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥ് പദ്ധതി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കോവിഡിനെ തുടർന്ന് നിയമനങ്ങൾ ഏതാണ്ട് സ്തംഭനാവസ്ഥയിലായിരുന്നു. ഇതേ തുടർന്ന് ഇന്ത്യയിൽ തൊഴിൽ രഹിതരുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പ്രധാനമന്ത്രി കേന്ദ്ര സർക്കാർ നിയമനങ്ങൾ പുനരാരംഭിക്കാൻ സർക്കാർ വകുപ്പുകളോട് ആവശ്യപ്പെട്ടതിന് തൊട്ട് പിന്നാലെയായിരുന്നു പുതിയ സൈനിക റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസം തന്നെ ബിഹാറിലുൾപ്പെടെ ശക്തമായ പ്രതിഷേധവുമായി യുവാക്കാൾ തെരുവിലിറങ്ങുകയും ട്രയിനുകളുൾപ്പെടെ കത്തിക്കുകയും വലിയ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളിൽ ഇന്ത്യയിലെ ഏതാണ്ട് പത്തോളം സംസ്ഥാനങ്ങളിൽ കലാപ സമാനമായ പ്രതിഷേധങ്ങൾക്കാണ് ഉദ്യോഗാർത്ഥികൾ നേതൃത്വം കൊടുത്തത്. കേന്ദ്രസർക്കാരും സൈനിക വിഭാഗങ്ങളും പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തിയെങ്കിലും പ്രതിഷേധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യപിക്കുന്ന കാഴ്ചയായിരുന്നു.