തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് കൺസഷൻ നിയന്ത്രണം ഏർപ്പെടുത്താനുള്ള കേരള സ്‌റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ തീരുമാനം പ്രതിഷേധാർഹമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മാതാപിതാക്കൾ ആദായനികുതി പരിധിയിലെങ്കിൽ കൺസഷൻ അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനും, പ്രായപരിധി മാനദണ്ഡമാക്കുവാനുമുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണ്.
ഇടതുപക്ഷ മുന്നണി സർക്കാർ രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഈ നിർദ്ദേശമെന്നും കൺസഷൻ ആരുടെയും ഔദാര്യമല്ല അത് വിദ്യാർത്ഥികളുടെ അവകാശമാണെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥി വിരുദ്ധമായ ഈ സമീപനത്തിൽ നിന്ന് കോർപറേഷനെ പിന്തിരിപ്പിക്കാൻ അടിയന്തിരമായി സർക്കാർ ഇടപെടണമെന്നും അല്ലാത്തപക്ഷം അതിശക്തമായ പ്രതിഷേധങ്ങൾക്ക് എഐഎസ്എഎഫ് നേതൃത്വം നൽകുമെന്ന് സംസ്ഥാന പ്രസിഡൻ്റ് ആർ എസ് രാഹുൽ രാജും സെക്രട്ടറി പി കബീറും അറിയിച്ചു.