പട്ടാമ്പി: എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റായി ബിബിൻ എബ്രഹാമിനെയും (പത്തനംതിട്ട), സംസ്ഥാന സെക്രട്ടറിയായി അധിൻ അമ്പാടിയെയും (കൊല്ലം) സമ്മേളനം തെരഞ്ഞെടുത്തു.
മൂന്ന് ദിവസമായി പട്ടാമ്പിയിൽ ചേർന്ന എഐഎസ്എഫ് 46-ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. രാവിലെ പ്രവർത്തന റിപ്പോർട്ടിന്മേലും ഭാവി റിപ്പോർട്ടിന്മേലും പൊതുചർച്ച നടന്നു. തുടർന്ന് രാഷ്ട്രീയ വിദ്യാഭ്യാസ റിപ്പോർട്ടിന്മേലും പ്രവർത്തന റിപ്പോർട്ടിന്മേലുമുള്ള ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി പി കബീറും ഭാവി പ്രവർത്തന റിപ്പോർട്ടിന്മേലുമുള്ള ചർച്ചക്ക് പ്രസിഡന്റ് ആർ എസ് രാഹുൽ രാജും മറുപടി നൽകി.
റവന്യുമന്ത്രി കെ രാജൻ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായി എം രാഹുൽ, നാദിറ മെഹറിൻ, കൃഷ്ണപ്രിയ, ഗോവിന്ദ്. എസ്, പി എ ഇസ്മായിൽ എന്നിവരെയും സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായി അസ്ലം ഷാ, കെ എ അഖിലേഷ്, ജോബിൻ ജേക്കബ്, ബി ദർശിത്ത്, പി എസ് ആന്റസ് എന്നിവരെയും തെരഞ്ഞെടുത്തു.