നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ തുടർന്നു വരുന്ന കോർപ്പറേറ്റനുകൂലവും വിദ്യാർത്ഥി വിരുദ്ധവുമായ നയ സമീപനങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ് നീറ്റ് നെറ്റ് പരീക്ഷ ക്രമക്കേടുകളിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് എഐഎസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് വെളിപ്പെടുത്തി. സുതാര്യവും സമയ ബന്ധിതവുമായ പരീക്ഷ നടത്തിപ്പെന്ന അവകാശ വാദം ഉന്നയിച്ചു കൊണ്ട് 2017 ൽ പാർലമെന്റിൽ പാസ്സാക്കപ്പെട്ട നിയമത്തെ തുടർന്ന് രൂപപ്പെട്ട ‘നാഷണൽ ടെസ്റ്റിംഗ് എജൻസി’ (എൻ ടി എ) യുടെ വിശ്വാസ്യതയാണ് കേന്ദ്ര സർക്കാരിന്റെ നിരുത്തരവാദിത്വപരമായ സമീപനങ്ങളെ തുടർന്ന് തകർന്നിരിക്കുന്നതെന്ന് എഐഎസ്എഫ് കുറ്റപ്പെടുത്തി.
അധികാരത്തിലേറിയതു മുതൽ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെ ഇല്ലായ്മ ചെയ്യുകയും സ്വകാര്യവത്കരണത്തെയും കച്ചവട താല്പര്യങ്ങളെയും വ്യവസ്ഥാപിതവൽക്കരിക്കുകയും ചെയ്യുന്നതാണ് കേന്ദ്രനയം. അതിന്റെ ഭാഗമായിട്ടാണ് മെഡിക്കൽ പഠന കോഴ്‌സുകളിലേക്ക് സംസ്ഥാന തലത്തിൽ നടത്തിയിരുന്ന പരീക്ഷകളുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചു കൊണ്ട് ദേശീയ തലത്തിൽ ‘നീറ്റ്’ നിർബന്ധമാക്കുന്നത്.
മെഡിക്കൽ കോഴ്‌സുകൾക്കായി ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതിയ നീറ്റ് – യുജി പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചതും നിരവധി വിദ്യാർത്ഥികൾക്ക് സംശയാസ്പദമായ വിധത്തിൽ മുഴുവൻ മാർക്ക് ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് പ്രസ്തുത പരീക്ഷയുടെ സുതാര്യതയിൽ സുപ്രീം കോടതി തന്നെ ആശങ്ക അറിയിച്ചതിനിടെയാണ് ചോദ്യപേപ്പർ ചോർച്ചയുടെയും ക്രമക്കേടിന്റെയും അടിസ്ഥാനത്തിൽ എൻ ടി എ ജൂൺ 18 ന് നടത്തിയ യു ജി സി – നെറ്റ് പരീക്ഷ റദ്ദാക്കിയ വാർത്തയും പുറത്തു വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്ററിനു കീഴിലെ നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റിൽ നിന്ന് ലഭ്യമായ വിവരമനുസരിച്ചാണ് പരീക്ഷ റദ്ദ് ചെയ്യാനുള്ള തീരുമാനം കേന്ദ്രം കൈകൊണ്ടത്.
നീറ്റ് – യു ജി, യു ജി സി- നെറ്റ് പരീക്ഷ നടത്തിപ്പിലും ഫല പ്രഖ്യാപനത്തിലും കണ്ടെത്തിയ ക്രമക്കേടുകളെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി അഖിലേന്ത്യ പ്രവേശന പരീക്ഷകളുടെ സുതാര്യത ഉറപ്പ് വരുത്തണമെന്നും നവലിബറൽ നയങ്ങളെ ആക്രമണാത്മകമായി നടപ്പിലാക്കി വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർക്കുന്ന നിലപാടുകളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറുകയും ചെയ്യണമെന്ന് എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജും സെക്രട്ടറി പി കബീറും ആവശ്യപ്പെട്ടു.