തൃശ്ശൂർ: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിലനിൽക്കുന്ന ജാതീയ വേർതിരിവിനെതിരെ എഐഎസ്എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ എ അഖിലേഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും നാം നേടിയെടുത്ത മുന്നേറ്റത്തെ ഒറ്റുകൊടുക്കുന്നതിനുവേണ്ടി സനാതന വാദികൾ തക്കംപാർത്തിരിക്കുകയാണെന്നും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് സമത്വമാണെന്നും അല്ലാതെ സനാതനമല്ല എന്നും ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും പച്ചത്തുരുത്തായ കേരളത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങൾക്ക് പോലും ജാതീയമായ വേർതിരിവ് അനുഭവിക്കേണ്ടിവരുന്നത് അപലപനീയം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിക്ക് എഐഎസ്എഫ് പ്രസിഡന്റ് അർജുൻ മുരളീധരൻ അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് അരവിന്ദ് കൃഷ്ണ സ്വാഗതം പറഞ്ഞ പരിപാടിയിൽ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം അഭിറാം കെഎസ്, ജില്ലാ വൈസ് പ്രസിഡന്റ് അമൃത സുദേവൻ, എന്നിവർ പരിപാടിയിൽ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. എഐഎസ്എഫ് പ്ലസ് ടു സബ്ബ് കമ്മിറ്റി കൺവീനർ സാനിയ പരിപാടിക്ക് നന്ദിയും പറഞ്ഞു