ആലപ്പുഴ: ഡിസംബറില്‍ ആലപ്പുഴയിൽ നടക്കുന്ന എഐടിയുസി ദേശീയ സമ്മേളനത്തിന്റെ വിളംബര പരിപാടികള്‍ സംഘടനയുടെ സ്ഥാപക ദിനമായ ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ കെ പി രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ സെമിനാറുകളും സെക്യുലർ പ്രഭാഷണത്തിനും തുടക്കമായി. ഇഎംഎസ് സ്റ്റേഡിയം, ടൗൺഹാൾ, ബീച്ച് എന്നിവിടങ്ങളിലാണ് ദേശീയസമ്മേളനം നടക്കുന്നത്. തൊഴിലാളി മുന്നേറ്റത്തിലൂടെ പുതിയൊരു ഇന്ത്യ എന്ന ആശയമാണ് സമ്മേളനം ഉയർത്തിപ്പിടിക്കുന്നത്. ഡിസംബർ 17ന് രാവിലെയാണ് കേന്ദ്ര ട്രേഡ് യുണിയൻ സംഘടനാ ദേശീയ നേതാക്കൾ പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനം. 20ന് ആലപ്പുഴ ബീച്ചിൽ നടക്കുന്ന തൊഴിലാളി മഹാറാലിയോടെ അവസാനിക്കും.
സമ്മേളന നഗറിലേക്കുള്ള പതാക കയ്യുരിൽ നിന്നും ബാനർ തിരുവനന്തപുരം അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ നിന്നും ഗുരുദാസ് ദാസ് ഗുപ്ത, സി എ കുര്യൻ എന്നിവരുടെ ഛായാചിത്രം മുന്നാറിൽ നിന്നും ദീപശിഖ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും എത്തിക്കും. സമ്മേളന വിജയത്തിനായി കാനം രാജേന്ദ്രൻ ചെയർമാനായും ടി ജെ ആഞ്ചലോസ് വർക്കിങ് ചെയർമാനായും കെ പി രാജേന്ദ്രൻ ജനറൽ കൺവീനറായും ഡി പി മധു ട്രഷററായും ഉള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ദേശീയ കൗൺസിൽ അംഗം പി വി സത്യനേശൻ, ജില്ലാ പ്രസിഡന്റ് വി മോഹൻദാസ്, സംസ്ഥാന ട്രഷറർ ആർ പ്രസാദ്, ഡി പി മധു, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് എ എം ഷിറാസ് എന്നിവർ പങ്കെടുത്തു.