ആലപ്പുഴ: എഐടിയുസി ദേശീയ സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. രാജ്യത്തെ തൊഴിലാളികൾ നേരിടുന്ന ജീവൽ പ്രശ്നങ്ങൾ ചർച്ച ചെയ്ത സമ്മേളനം തൊഴിലാളി വിരുദ്ധ നയങ്ങൾ പിന്തുടരുന്ന കേന്ദ്ര സർക്കാരിന് മുന്നിൽ ഒട്ടേറെ നിർദേശങ്ങളും മുന്നോട്ട് വെച്ചു. പൊതുമേഖലാ സംരംഭങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള തിടുക്കവും കുതിച്ചുചാട്ടവും, പൊതുമേഖലാ സംരംഭങ്ങളും സർക്കാർ മേഖലയും സ്വകാര്യവൽക്കരണ നയവും, സാമ്പത്തിക രംഗത്തും തൊഴിലാളികളിലും സ്വകാര്യവൽക്കരണത്തിന്റെ പ്രതിഫലനം, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം എന്നീ നാല് കമ്മീഷനുകൾ ചർച്ച ചെയ്ത ശേഷം ഇന്നലെ പൊതു ചർച്ചയും നടന്നു.
ഇന്ന് പകൽ മൂന്നിന് തൊഴിലാളി മഹാറാലി വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കും. വൈകിട്ട് അഞ്ചിന് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി അമർജീത്ത് കൗർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കാനം രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, എഐടിയുസി ദേശീയ സെക്രട്ടറിമാരായ രാമകൃഷ്ണ പാണ്ഡ, വാഹിദ നിസാം തുടങ്ങിയവർ പങ്കെടുക്കും. സ്വാഗതസംഘം വർക്കിങ് ചെയർമാൻ ടി ജെ ആഞ്ചലോസ് നന്ദി പറയും.