ആലപ്പുഴ: സമ്മേളന നഗറിൽ സ്ഥാപിക്കുന്നതിനുള്ള ബാനർ, കൊടിമര, ഛായാചിത്ര ജാഥകൾ ഇന്നാരംഭിക്കും. തിരുവനന്തപുരം വെങ്ങാന്നൂർ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന ബാനർ ജാഥ സിപിഐ സം സ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ മല്ലിക ക്യാപ്റ്റനായ ജാഥയിൽ സംസ്ഥാന സെക്രറിമാരായ എം ജി രാഹുൽ വൈസ് ക്യാപ്റ്റനും എം പി ഗോപകുമാർ ഡയറക്ട റുമാണ്. സോളമൻ വെട്ടുകാട്, ടി രഘുവരൻ, സുനിൽ മോഹൻ, അനീഷ് പ്രദീപ്, പി ബീന എന്നിവർ ജാഥാംഗങ്ങളാണ്.
കൊടിമരജാഥ വൈകിട്ട് നാലിന് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന സെക്രട്ടറി വി ബി ബിനു ക്യാപ്റ്റനായ ജാഥയിൽ സംസ്ഥാന സെക്രട്ടറി കവിത രാജൻ വൈസ് ക്യാപ്റ്റനും സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ഇന്ദുശേഖരൻ ഡയറക്ടറുമാണ്. ജി ബാബു, ഡി സജി, വിത്സൺ ആന്റണി, കെ അനിമോൻ, കെ ദേവകി എന്നിവരാണ് അംഗങ്ങൾ.
മൂന്നാറിലെ സി എ കുര്യൻ സ്മൃതി മണ്ഡപത്തിൽ വച്ച് ഛായാചിത്ര ജാഥ ഉച്ചക്ക് മൂന്നിന് എഐടിയുസി ദേശീയ സെക്രട്ടറി ടി എം മൂർത്തി ഉദ്ഘാടനം ചെയ്യും. എഐടിയുസി ജനറൽ സെക്രട്ടറിയായിരുന്ന ഗുരുദാസ് ഗുപ്ത, സംസ്ഥാന പ്രസിഡന്റ് ആയിരുന്ന സി എ കുര്യൻ എന്നിവരുടെ ഛായാചിത്രങ്ങൾ വഹിച്ചെത്തുന്ന ജാഥയുടെ ക്യാപ്റ്റൻ സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂർ സോമൻ എംഎൽഎയാണ്. സംസ്ഥാന സെക്രട്ടറി കെ കെ അഷ്റഫ് വൈസ് ക്യാപ്റ്റനും വൈസ് പ്രസിഡന്റ് പി കെ കൃഷ്ണൻ ഡയറക്ടറുമാണ്. പി മുത്തുപാണ്ടി, ജോൺ വി ജോസഫ്, വി ജെ കുര്യാക്കോസ്, പി പി ജോയ്, ടി എം മുരുകൻ, ആനന്ദറാണി ദാസ്, കവിതാ കുമാർ എന്നിവർ അംഗങ്ങളാണ്.
സമ്മേളന നഗരിയിലുയർത്തുന്നതിനായുള്ള പതാക വഹിച്ചുകൊണ്ടുള്ള ജാഥ ഇന്നലെ രക്ത സാക്ഷികളുടെ സ്മൃതികളുറങ്ങുന്ന കയ്യൂരിന്റെ മണ്ണിൽ നിന്നും പ്രയാണം ആരംഭിച്ചു. കയ്യൂരിലെ സമരസേനാനി ചൂരിക്കാടൻ കൃഷ്ണൻനായർ സ്മൃതി മണ്ഡപത്തിൽ വച്ച് പന്ന്യൻ രവീന്ദ്രൻ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ പി രാജുവിന് പതാക കൈമാറി. സംഘാടക സമിതി ചെയർമാൻ എ അബൂഞ്ഞി അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ടി കൃഷ്ണൻ, ജാഥാ വൈസ് ക്യാപ്റ്റൻ എലിസബത്ത് അസീസി, ഡയറക്ടർ സി പി മുരളി, അംഗങ്ങളായ പി കെ നാസർ, ടി കെ സുധീഷ്, അഡ്വ. ആർ സജിലാൽ, കവിതാ സന്തോഷ്, മഹിതാ മൂർത്തി എന്നിവർ പങ്കെടുത്തു.