ആലപ്പുഴ: എഐടിയുസി 42-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ആരംഭിച്ചു. ഇന്ന് രാവിലെ 10ന് ജെ ചിത്തരഞ്ജൻ നഗറിൽ (മുൻസിപ്പൽ സ്റ്റേഡിയം) എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ ഉദ്ഘാടനം ചെയ്തു. അമർജീത് കൗർ ദേശീയ പതാകയും വർക്കിങ് പ്രസിഡന്റ് എച്ച് മഹാദേവൻ എഐടിയുസി പതാകയും ഉയർത്തി. ദേശീയ പ്രസിഡന്റ് രമേന്ദ്രകുമാർ അധ്യക്ഷനാകും. സംഘാടക സമിതി ചെയർമാൻ കാനം രാജേന്ദ്രൻ സ്വാഗതം പറയും. ഡബ്ല്യുഎഫ്‌ടിയു ജനറൽ സെക്രട്ടറി പാംബിസ് കൈറിറ്റ്സിസും വിവിധ കേന്ദ്ര ട്രേഡ് യൂണിയൻ ദേശീയ നേതാക്കളും സമ്മേളനത്തെ അഭിവാദ്യം ചെയ്യും.
എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു നന്ദി പറയും. വൈകിട്ട് അഞ്ചിന് ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങളും കേരളത്തിന്റെ വികസനവും’ എന്ന വിഷയത്തിൽ ആർ സുഗതൻ നഗറിൽ (മുൻസിപ്പൽ സ്റ്റേഡിയം) നടക്കുന്ന സെമിനാർ സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘടാനം ചെയ്യും. വി മോഹൻദാസ് അധ്യക്ഷനാകും. മന്ത്രി പി പ്രസാദ്, സത്യൻ മൊകേരി തുടങ്ങിയവർ പങ്കെടുക്കും. ജി കൃഷ്ണപ്രസാദ് സ്വാഗതം പറയും.