Friday, November 22, 2024
spot_imgspot_img
HomeKeralaഎഐടിയുസി സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയരും

എഐടിയുസി സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയരും

എഐടിയുസി 18-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളത്ത് പതാക ഉയരും. ഇന്ന് മുതൽ അഞ്ചുവരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലാണ് സമ്മേളനം നടക്കുന്നത്. എഐടിയുസിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ യൂണിയനുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 1400 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് നാലിന് സമ്മേളന നഗറിൽ സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു പതാക ഉയർത്തും. പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. സിപിഐ ദേശീയ എക്‌സിക്യുട്ടിവ് അംഗം കെ പ്രകാശ് ബാബു, കൃഷി മന്ത്രി പി പ്രസാദ് എന്നിവർ പ്രസംഗിക്കും. സ്വാഗതസംഘം ചെയർമാൻ കെ എം ദിനകരൻ അധ്യക്ഷത വഹിക്കും. കെ എൻ ഗോപി സ്വാഗതവും ടി സി സൻജിത് നന്ദിയും പറയും.

നാളെ രാവിലെ 10ന് പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (കടവന്ത്ര ഇൻഡോർ സ്റ്റേഡിയം) എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജീത് കൗർ ഉദ്‌ഘാടനം ചെയ്യും. ദേശീയ വർക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം എംപി, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, എച്ച്എംഎസ് ദേശീയ വൈസ് പ്രസിഡന്റ് തമ്പാൻ തോമസ് എന്നിവർ പ്രസംഗിക്കും. കെ കെ അഷ്‌റഫ് സ്വാഗതവും ബാബുപോൾ നന്ദിയും പറയും. ഉച്ചയ്ക്ക് മൂന്നിന് സംസ്ഥാന ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

മന്ത്രിമാരായ കെ രാജൻ, ജെ ചിഞ്ചുറാണി, ജി ആർ അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ, ബഹുജന സംഘടനാ നേതാക്കളായ വി ചാമുണ്ണി, ടി ടി ജിസ്‌മോൻ, കമലാ സദാനന്ദൻ, എൻ അരുൺ, ഇ എസ് ബിജിമോൾ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, പി കബീർ, ജയശ്ചന്ദ്രൻ കല്ലിംഗൽ, ബി രാം പ്രകാശ്, കെ പി ജയചന്ദ്രൻ എന്നിവർ പ്രസംഗിക്കും.

അഞ്ചിന് രാവിലെ 9.30ന് പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനം ഡബ്ല്യുഎഫ‌്ടിയു ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വാഹിദ നിസാം, വി ബി ബിനു, ഡോ. ജിനു സക്കറിയ ഉമ്മൻ എന്നിവർ പങ്കെടുക്കും. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു അധ്യക്ഷത വഹിക്കും. കെ എൻ സുഗതൻ സ്വാഗതവും, ജി മോട്ടിലാൽ നന്ദിയും പറയും. തുടർന്ന് പുതിയ സംസ്ഥാന കൗൺസിലും ഭാരവാഹികളെയും തെരഞ്ഞെടുക്കും.

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണം മൂലം പതാക, ബാനർ, കൊടിമര ജാഥകളും സാംസ്കാരിക സമ്മേളനങ്ങളും കലാപരിപാടികളും ഒഴിവാക്കിയാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളതെന്ന് കെ പി രാജേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു, സംസ്ഥാന സെക്രട്ടറി കെ കെ അഷ്‌റഫ്, ജില്ലാ സെക്രട്ടറി കെ എൻ ഗോപി, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ടി രഘുവരൻ എന്നിവരും പങ്കെടുത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares