കണ്ണൂർ: രാഷ്ട്രീയ ഗുണ്ടകൾ പൊതുസമൂഹത്തിന് ബാധ്യതയാകുമെന്ന് എഐവൈഎഫ്. എഐവൈഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് ഫേസ്ബുക്ക് പേജിലൂടെ പ്രസ്താവനയുമായി രംഗത്തെത്തിയത്. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ അത്ഭുതപ്പെടുത്തുകയാണ്. അധോലോകത്ത് മാത്രം കെട്ടുകേൾവിയുള്ള ക്വട്ടേഷൻ കൊടുത്ത് ആളെ കൊല്ലിക്കുക എന്ന പറയുന്ന ക്രൂരത പൊതുപ്രവർത്തനത്തിന്റെ മറവിൽ നടന്നു.
കുറ്റാരോപിതരായ ആളുകളെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം. രാഷ്ട്രീയ കൊലപാതകങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരെക്കാൾ വലിയ ദുരന്തം പ്രതികളാകുന്ന യുവാക്കളാണ് എന്നും എഐവൈഎഫ് ചൂണ്ടിക്കാട്ടി. .ചെറുപ്രായത്തിൽ അക്രമരാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്ന നേതാക്കന്മാരുടെ ഉപദേശം സ്വീകരിച്ച് കൊലപാതകത്തിൽ പ്രതിയാകുന്ന ചെറുപ്പക്കാർ പിന്നീട് ആ കുടുംബത്തിന് തന്നെ തീരാനഷ്ടമായി തീരുന്ന അവസ്ഥയാണ്. രാഷ്ട്രീയത്തിന്റെ പേരിൽ കേസിൽ പ്രതികളായി വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ് തിരിച്ചുവരുന്ന ചെറുപ്പക്കാർ പിന്നീട് മറ്റ് അധാർമികമായ സ്വർണക്കടത്തുമാഫിയ, മയക്കുമരുന്ന് മാഫിയ കൊട്ടേഷൻ സംഘങ്ങളായി പരിവർത്തനം ചെയ്യുന്നതായിട്ടാണ് നമുക്ക് കാണാൻ കഴിയുന്നതെന്നും എഐവൈഎഫ് വ്യക്തമാക്കി.
‘ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങളിൽ യാഥാർത്ഥ്യമുണ്ടെങ്കിൽ കുറ്റാരോപിതരായ മുഴുവൻ ആളുകളെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണം. പൊതുവേ ഇപ്പോൾ സമാധാനം നിലനിൽക്കുന്ന കണ്ണൂർ രാഷ്ട്രീയത്തിൽ തുടർന്നും ഇത്തരം സമാധാനങ്ങൾ നിലനിർത്താൻ അത് ഉപകരിക്കും. രാഷ്ട്രീയ ഗുണ്ടകൾ പിന്നീട് പൊതു സമൂഹത്തിന് ബാധ്യത ആയി മാറും എന്ന കാര്യം നേരത്തെ തങ്ങൾ സൂചിപ്പിച്ചതാണെന്നും എഐവൈഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.