കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ വിദ്വേഷ പരാമർശത്തിനെതിരെ എഐവൈഎഫ് നിയമനടപടി സ്വീകരിക്കും. ഭരണഘടനാ വിരുദ്ധവും സമൂഹത്തിൽ വിദ്വേഷവും കലാപവും സൃഷ്ടിക്കുന്ന പരാമർശങ്ങളാണ് കേന്ദ്ര മന്ത്രി നടത്തിയിരിക്കുന്നത്. ഇത് ഏറ്റവും ഗൗരവമായി കാണേണ്ടതാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പറഞ്ഞു.
ഒരു സമൂഹത്തെ മുഴുവൻ തീവ്രവാദികളായും ഭീകരരായും ചിത്രീകരിക്കുവാനുള്ള ശ്രമമാണ് രാജീവ് ചന്ദ്രശേഖർ നടത്തിയത്. വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്ക് കേന്ദ്ര ഭരണത്തിന്റെ സഹായത്താൽ പോലും കേരളത്തിൽ കാലുറപ്പിക്കുവാൻ മതേതര കേരളം അനുവദിക്കാത്ത സാഹചര്യത്തിലാണ് നുണകൾ പറഞ്ഞ് കേരളത്തിൽ വർഗ്ഗീയ കലാപമുണ്ടാക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മലയാളികൾക്ക് അപമാനമാണ് കർണ്ണാടകയിൽ നിന്നും രാജ്യസഭയിലെത്തി കേന്ദ്ര മന്ത്രിയായ ഈ രാഷ്ട്രീയ മാലിന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹമാസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെടുത്തിയാണ് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ വർഗീയ പ്രസ്താവന ഇറക്കിയത്. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുമ്പോഴും അഴിമതിയാരോപണങ്ങളാൽ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന് ഒരുദാഹരണം കൂടിയാണ് കളമശ്ശേരിയിൽ ഇന്ന് കണ്ടതെന്നും കേരളത്തിൽ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ നിരപരാധികളായ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടത്തുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രയേലിനെതിരേ പ്രതിഷേധിക്കുകയാണെന്നുമായിരുന്നു ട്വീറ്റ്.