തിരുവനന്തപുരം: ആർഎസ്എസും, എസ്ഡിപിഐയും ലക്ഷ്യമിടുന്നത് കേരളത്തിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാനാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും അഭിപ്രായപ്പെട്ടു.
സങ്കുചിതവും മനുഷ്യത്വ രഹിതവുമായ കൊലപാതകങ്ങളിലൂടെ മതവർഗ്ഗീയത കേരളത്തിൽ ഊട്ടിയുറപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് വർഗ്ഗീയ സംഘടനകളായ ആർഎസ്എസും എസ്ഡിപിഐയും നടത്തുന്നത്.
പാലക്കാട് നടന്ന രാഷ്ട്രീയ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച മത-വർഗ്ഗീയ തീവ്രവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേരളത്തിന്റെ ക്രമസമാധാന നില തകർക്കുന്നതിനുള്ള ബോധപൂർവ്വമായ പരിശ്രമം ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ഉണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങൾ ആശയ സംവാദങ്ങളുടെ വേദിയാകുന്നതിനു പകരം നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളുടെയും പൊതുസമൂഹത്തിൻറെയും ഇടപെടൽ അനിവാര്യമാണ്. മാനവികത ഉയർത്തിപ്പിടിച്ച് വർഗ്ഗീയ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണമെന്നും ആർഎസ്എസിന്റെയും,എസ്ഡിപിഐയുടെയും കൊലപാതക രാഷ്ട്രീയത്തിനെതിരായി സംസ്ഥാന വ്യാപകമായി എഐവൈഎഫ് നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.