തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ പുനർനിയമിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ തീരുമാനം രാജ്യത്തെ തൊഴിൽ രഹിതരായ യുവ ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് എഐവൈഎഫ് വ്യക്തമാക്കി. എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവാണ് ഉദ്യോഗാർത്ഥികൾക്ക് നേരെയുള്ള കേന്ദ്രസർക്കാരിന്റെയും റയിൽവേ മന്ത്രാലയത്തിന്റെ നടപടിക്കെതിരെ രംഗത്തെത്തിയത്.
2014 ൽ അധികാരത്തിൽ വന്നതിന് ശേഷം റെയിൽവേയുമായി ബന്ധപ്പെട്ട് മോദി സർക്കാർ നിയോഗിച്ച വിവേക് ദേബ്റോയ് അധ്യക്ഷനായ കമ്മീഷൻ 2015 ജൂൺ 12ന് കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സ്വകാര്യവത്കരണ നയങ്ങളാണ് കേന്ദ്രം തുടർച്ചയായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. റെയിൽവേയിൽ നിലവിൽ മൂന്നര ലക്ഷത്തിലേറെ ജീവനക്കാരുടെ ഒഴിവുകളുണ്ടെന്നിരിക്കെ അവ നികത്താൻ തയ്യാറാകാതെ നിയമന നിരോധനമേർപ്പെടുത്തിയും കരാർതൊഴിലിനെ പ്രോത്സാഹിപ്പിച്ചും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുകയാണ് കേന്ദ്രമെന്നും എഐവൈഎഫ് വ്യക്തമാക്കി.
ഇന്റർ നാഷണൽ ലേബർ ഓർഗനൈസേഷനും ഹ്യൂമൻ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച ‘ഇന്ത്യ എംപ്ലോയ്മെന്റ് റിപ്പോർട്ട് 2024’ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴുള്ളത്. തൊഴിൽ രഹിതരിൽ 83 ശതമാനവും 34 വയസ്സിന് താഴെയുള്ളവരുമാണ്. വർഷം തോറും രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം നൽകി അധികാരത്തിൽ വന്നവർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല സർക്കാർ മേഖലയിലെയും പൊതു – സ്വകാര്യ മേഖലയിലെയും തൊഴിലവസരങ്ങൾ വെട്ടികുറക്കുന്ന സമീപനവും സ്വീകരിക്കുന്നു.
രാജ്യത്തെ അഭ്യസ്ത വിദ്യരായ യുവജനങ്ങൾക്ക് തൊഴിലവസരം നിഷേധിച്ച് കൊണ്ട് കരാർ അടിസ്ഥാനത്തിലുള്ള വിരമിച്ച ഉദ്യോഗസ്ഥരെ പുനർനിയമിക്കാനുള്ള തീരുമാനം കേന്ദ്രം പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കി.