മത രാഷ്ട്ര വാദികളായ ജമാ അത്തെ ഇസ്ലാമിയുടെയും മീഡിയ വൺ ചാനലിന്റെയും സർട്ടിഫിക്കറ്റ് ധീര ദേശാഭിമാനി ഭഗത്‍സിംഗിന് ആവശ്യമില്ലെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. ചാനൽ പ്രോഗ്രാമിലൂടെ ഭഗത്‌സിംഗിനെ അപമാനിച്ച മാനേജിങ് എഡിറ്റർ സി ദാവൂദ് ചരിത്രം പഠിക്കണമെന്നും എഐവൈഎഫ്. ഭഗത്‌സിംഗ് കോടതിയിൽ മജിസ്ട്രേറ്റിനെ കൊല്ലാൻ വേണ്ടി ബോംബ് വെച്ച ആളാണെന്നും അതിന്റെ പേരിൽ തീവ്ര വാദിയെന്നാരോപിച്ച് തൂക്കിലേറ്റപ്പെടുകയായിരുന്നുവെന്നും 1947 ഓഗസ്റ്റ് 15 ന് ശേഷമാണ് അദ്ദേഹം ധീര ദേശാഭിമാനിയായതെന്നുമാണ് ‘മീഡിയ വണ്ണി’ലൂടെ ദാവൂദ് പ്രഖ്യാപിച്ചത്.
‘ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷ’ന്റെ സ്ഥാപക നേതാക്കളിലൊരാളായ ഭഗത് സിംഗ് ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് വരിച്ചത് മാതൃ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടെയായിരുന്നു. മരണത്തിന് മുന്നിലും നിർഭയനായി പുഞ്ചിരി തൂകി കറുത്ത തുണി കൊണ്ട് മുഖം മൂടാൻ പോലും അനുവദിക്കാതെ മുദ്രാവാക്യം ഉയർത്തുകയായിരുന്ന ഭഗത് സിംഗിന്റെ പേരുച്ചരിക്കാൻ പോലും മത രാഷ്ട്ര വാദം പ്രസംഗിച്ചു നടക്കുന്നവർക്ക് യോഗ്യതയില്ല.
ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിനിടെ 1971-ൽ ജമാ അത്തെ ഇസ്ലാമി നേതാവ് മൗലാന അബ്ദുൾ കലാം മുഹമ്മദ് യൂസുഫ് സ്ഥാപിച്ച ‘റസാക്കർ’ സേന പാക് സൈന്യത്തിന്റെ കൂടെ ചേർന്ന് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മുക്തി ജോഡോ സംഘത്തിൽപ്പെട്ടവരെ തെരഞ്ഞുപിടിച്ച് വകവരുത്തിയ ചരിത്രം പറയാനുള്ള ജമാ അത്തെ ഇസ്ലാമിക്കാർക്ക് സ്വാതന്ത്ര്യ സമര സേനാനികൾ അനഭിമതരാകുന്നത് സ്വാഭാവികമാണ്. സ്വാധീനമുള്ളയിടങ്ങളിൽ സ്വാതന്ത്ര്യസമരത്തെ വർഗീയവാദമുയർത്തി ഭിന്നിപ്പിക്കാനും തകർക്കാനും ശ്രമിച്ച മത മൗലിക സംഘടനയും ചാനലും വസ്തുത വിരുദ്ധ പ്രചാരണത്തിലൂടെ സ്വയം അപഹാസ്യരാവുകയാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.