തിരുവനന്തപുരം: ആർഎസ്എസ് സംഘപരിവാർ ശക്തികളെ വളർത്തിയെടുക്കാൻ ഗവർണർ നടത്തിയ വിലകുറഞ്ഞ നാടകത്തിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചതെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി. ജനാധിപത്യപരമായി പ്രതിഷേധങ്ങൾക്ക് എല്ലാവർക്കും അവകാശമുണ്ട്. കേരളത്തെ തകർക്കുക എന്ന ലക്ഷ്യം മാത്രം വച്ചുപുലർത്തുന്ന ഒരു ഗവർണർക്കെതിരെ ശക്തമായ സമരങ്ങൾ കാണേണ്ടിവരും. കേരളത്തിലെ ക്രമസമാധാന നില തകർന്നു എന്ന് വരുത്തി തീർക്കാൻ ഗവർണർ നടത്തുന്ന വിലകുറഞ്ഞ പ്രഹസനങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കരിങ്കൊടി പ്രതിഷേധത്തെ ഭീകരാക്രമണം എന്ന രീതിയിൽ വരുത്തി തീർക്കാൻ ആണ് ഗവർണർ ശ്രമിക്കുന്നത്. ബംഗാളിൽ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നടത്തിയതിന് സമാനമായ നീക്കങ്ങൾ ആണ് ഗവർണറും ബിജെപിയും കേരളത്തിൽ ശ്രമിക്കുന്നത്. എന്നാൽ ഗവർണറുടെ രാഷ്ട്രീയ നാടകത്തിനു കേരള ജനത മറുപടി നൽകുമെന്നും എഐവൈഎഫ് വ്യക്തമാക്കി.