സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട നികുതി വിഹിതം വെട്ടിക്കുറച്ചത് പ്രധാനമന്ത്രി നേരിട്ടിടപ്പെട്ടിട്ടാണ് എന്ന റിപ്പോർട്ട് ഏറെ ഗൗരവകരമായി കാണേണ്ടതാണെന്ന് എഐവൈഎഫ്. രാജ്യത്തെ ഫെഡറൽ വ്യവസ്ഥ തകർക്കാൻ വേണ്ടി നരേന്ദ്ര മോദി അധികേരമേറ്റ നാൾമുതൽ ശ്രമിക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുൻ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ബിവിആർ സുബ്രഹ്‌മണ്യത്തിന്റെ വെളിപ്പെടുത്തലുകളെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
നികുതിവിഹിതം കൃത്യമായി നൽകുന്നില്ലെന്നും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും സർക്കാരും ഇടതുമുന്നണിയും ആവർത്തിച്ച് പറയുമ്പോൾ, അതിനെ പരിഹസിച്ച കോൺഗ്രസ് ഈ വിഷയത്തിൽ മുൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിനെ എങ്ങനെ നോക്കിക്കാണുന്നു എന്ന് വ്യക്തമാക്കണം.
നികുതി വിഹിതം നൽകുന്നില്ല എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവരുടെ വാദത്തെ പൊളിക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.മോദിയുടെ ചതി തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ കേരളത്തിലെ ജനങ്ങൾ തയ്യാറാവണമെന്നും എഐവൈഎഫ് വ്യക്തമാക്കി.