തിരുവനന്തപുരം: നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി മേരാ യുവഭാരത് എന്നാക്കി മാറ്റിയ കേന്ദ്ര സർക്കാർ നടപടി രാജ്യത്തിന്റെ ബഹുസ്വരതയെയും സമന്വയ സംസ്‌കാരത്തെയും അട്ടിമറിക്കാനുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്ന് എഐവൈഎഫ്.
1972 ൽ കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തനമാരംഭിച്ച നെഹ്റു യുവ കേന്ദ്രയെയാണ് ഭരണത്തെയും അധികാരത്തെയും ദുരുപയോഗം ചെയ്ത് കൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായി പേര് മാറ്റത്തിന് വിധേയമാക്കിയിരിക്കുന്നതെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി.
പല ചരിത്രസ്മാരകങ്ങളുടെയും പ്രദേശങ്ങളുടെയും പേര് മാറ്റിക്കൊണ്ടുള്ള സാംസ്‌കാരിക അധിനിവേശത്തിനാണ് സംഘ് പരിവാർ നേതൃത്വം നൽകുന്നത്. നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും ജനങ്ങൾക്കിടയിൽ വിഭജനം സൃഷ്ടിച്ച് തങ്ങൾക്കനുകൂലമായ ഭൂരിപക്ഷ ഏകീകരണം ഉണ്ടാക്കുകയെന്ന ഫാസിസ്റ്റ് നയത്തിന്നെതിരെ പൊതു സമൂഹം പ്രതികരിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.