ആലപ്പുഴ: വർഗീയതയ്ക്കെതിരെ മതേതര കേരളം ഉണരുക എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതേതര മനുഷ്യ മതിലും സംഗമവും സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ആർഎസ്എസ് എസ്ഡിപിഐ വർഗീയ വാദികൾ കിണഞ്ഞു ശ്രമിക്കുകയാണ്.എന്തിനും മതത്തെ കൂട്ടുപിടിക്കുന്ന ഇവർക്കെതിരെ മതേതര സമൂഹം രംഗത്ത് വരണമെന്ന് ടി ടി ജിസ്‌മോൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കിഴക്കിന്റ വെനീസ് എന്ന് പേരുകേട്ട ആലപ്പുഴയുടെ മണ്ണിനെ കൊലപാതക പരമ്പരകൾ നടത്തി കളങ്കപെടുത്തിയത് കൂടാതെ , വീണ്ടും കൊലവിളി റാലികൾ സംഘടിപ്പിച്ചു നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയാണ് ഈ വർഗീയ വാദികൾ.ഭാവി തലമുറയുടെ നന്മയ്ക്കായി ഇവർക്കെതിരെ കരുത്തുറ്റ പ്രതിരോധം ആവശ്യമാണ്.ഈ സാഹചര്യത്തിൽ നടത്തുന്ന മതേതര മനുഷ്യ മതിൽ വിജയിപ്പിക്കുവാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപെട്ടു.
ജൂലൈ 12 ചൊവ്വാഴ്ച 3 മണി മുതൽ ആലപ്പുഴ കടൽ തീരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. മനുഷ്യ മതേതര സംഗമം സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയർമാനും പ്രശസ്ത കവിയുമായ വയലാർ ശരത് ചന്ദ്രവർമ്മ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ കൺവീനർ സനൂപ് കുഞ്ഞുമോൻ സ്വാഗതം പറയും.എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഐക്യ ദീപം തെളിയിക്കും.തുടർന്ന് കേരളത്തിന്റെ മാതൃകയിൽ കടൽ തീരത്ത് മതേതരത്വം ഊട്ടിയുറപ്പിച്ച് മനുഷ്യ മതിലായി ആയിരങ്ങൾ അണിനിരക്കും.പ്രമുഖ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തുള്ളവർ മതിലിന്റെ ഭാഗമാകും.പരിപാടിക്ക് മുന്നോടിയായി ജില്ലയിലെ മുഴുവൻ മേഖല യൂണിറ്റ് കേന്ദ്രങ്ങളിലും നാളെ എഐവൈഎഫ് പ്രവർത്തകർ ഐക്യ ദീപം തെളിയിക്കും.