ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍ വെയിലെ കരിമണല്‍ ഖനന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എഐവൈഎഫ്. കരിമണല്‍ ഖനനം പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ പാടില്ലെന്ന അഭിപ്രായമാണ് എഐവൈഎഫിനുളളതെന്ന് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ ആലപ്പുഴയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വളരെ നേരത്തെ തന്നെ കൃത്യമായ അഭിപ്രായം പറയുകയും പ്രത്യക്ഷമായ വലിയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുളള യുവജന സംഘടനയുമാണ് എഐവൈഎഫ്. കഴിഞ്ഞ രണ്ടര വര്‍ഷമായി വലിയ തോതിലുളള ഖനനമാണ് തോട്ടപ്പളളി ഉള്‍പ്പടെയുളള പ്രദേശങ്ങളില്‍ നടക്കുന്നത്. സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎല്‍എ കൂടിയായ രമേശ് ചെന്നിത്തലയുടെ നിലപാട് എന്താണെന്ന് എഐവൈഎഫ് ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ചെന്നിത്തല യാതൊരു വിധ നിലപാടും വ്യക്തമാക്കിയിട്ടില്ല. അതോടൊപ്പം, അമ്പലപ്പുഴ ജനപ്രതിനിധിയായ എച്ച് സലാം ഖനനം നിര്‍ത്തി വെയ്ക്കുന്നതിന് വേണ്ടി യാതൊരു വിധ ഇടപെടലും ഇതുവരെയും നടത്തിയിട്ടില്ല. ഇവിടുന്ന് കൊണ്ട് പോകുന്ന മണലില്‍ നിന്ന് ധാതുലവണങ്ങള്‍ വേര്‍തിരിച്ചതിന് ശേഷം തിരികെ കടല്‍ തീരത്ത് നിക്ഷേപിക്കാം എന്ന് പഞ്ചായത്തുമായി ധാരണ ഉണ്ടാക്കിയിരുന്നു. ഇത് എച്ച് സലാം എംഎല്‍എ നടത്തുന്ന പ്രഹസനമാണെന്ന് എഐവൈഎഫ് പറഞ്ഞു.
കേരളത്തിന്റെ മണ്ണില്‍ കരിമണല്‍ ഖനനം നടത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ ആദ്യമായി ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് യുഡിഎഫിന്റെ കാലത്താണ്. അന്ന് കേരളത്തിന്റെ വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയാണ് അങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്. മാത്രമല്ല, തോട്ടപ്പളളി ഉള്‍പ്പടെയുളള പ്രദേശങ്ങളില്‍ ഖനനം ചെയ്യുന്നതിന് വേണ്ടി അതിര്‍ത്തികള്‍ തീരുമാനിച്ച് കല്ലുകള്‍ ഇടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അക്കാലയളവില്‍, കല്ലുകള്‍ ഇട്ട് തിരിച്ച പ്രദേശങ്ങളിലെ കല്ലുകള്‍ ഊരി അറബിക്കടലിലേക്ക് എറിഞ്ഞു കൊണ്ട് ശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് എഐവൈഎഫ്. ഖനനത്തിന് വേണ്ടി അനുമതി കൊടുക്കുന്ന സമയത്ത് അനുമതി കൊടുക്കാന്‍ പാടില്ലാ എന്ന് പറഞ്ഞു കൊണ്ട് തോട്ടപ്പളളിയില്‍ വലിയ സമരത്തിന് നേതൃത്വം കൊടുത്തതും എഐവൈഎഫാണ് ടിടി ജിസ്‌മോന്‍ പറഞ്ഞു. തോട്ടപ്പളളി ഉള്‍പ്പടെയുളള പ്രദേശങ്ങള്‍ പരിസ്ഥതി ദുര്‍ബല പ്രദേശമാണ്. അതിനാല്‍, തീരത്ത് യാതൊരു തരത്തിലുമുള ഖനനം പാടില്ല എന്ന അഭിപ്രായമാണ് എഐവൈഎഫിനുളളതെന്നും ശക്തമായ പ്രതിഷേധത്തിന് എഐവൈഎഫ് തയ്യാറാണെന്നും സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.