ബിബിസി ഓഫീസുകളിൽ ഇഡി റെയ്ഡ് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എഐവൈഎഫ്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെയും സംഘ് പരിവാറിന്റെയും പങ്ക് വിളിച്ചു പറഞ്ഞ ഇന്ത്യ; ദി മോദി ക്വസ്റ്റിയൻ ഡോക്യുമെന്ററി പുറത്തിറക്കിയതിലുള്ള പ്രതികാര നടപടി ആയാണ് മോദി സർക്കാർ അന്താരാഷ്ട്ര മാധ്യമ സ്ഥാപനത്തിന്റെ ഓഫിസിൽ ഇഡിയെ കൊണ്ട് റെയ്ഡ് നടത്തിയതെന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി.
തങ്ങൾക്ക് എതിരെ ശബ്ദിക്കുന്നവരെ ഏത് വിധേനയും നിശബ്ദരാക്കുക എന്ന രീതിയാണ് ബിജെപി പിന്തുടരുന്നത്. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നേരെ ഇങ്ങനെ ആണെങ്കിൽ നിങ്ങളെ വരുതിയിലാക്കാൻ ഇതിൽ കുറഞ്ഞ സമയം മതിയെന്ന് രാജ്യത്തെ മറ്റു മാധ്യമങ്ങളോടു പറയാതെ പറയുകയാണ് മോദി.
ബിബിസിക്ക് എതിരായ നീക്കങ്ങൾ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ഇന്ത്യയെ മാനംകെടുത്തും. ഇന്ത്യൻ ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തി വെക്കുന്ന നരേന്ദ്ര മോദിക്കും സംഘ് പരിവാറിനും എതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി അണി നിരക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിൽ പറഞ്ഞു.