മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം അത്യന്തം ഹീനവും മനുഷ്യത്വ രഹിതവുമാണെന്ന് എഐവൈഎഫ്. ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യ ഇതിൽ ലജ്ജിച്ചു തല താഴ്ത്തുന്നുവെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കലാപത്തിൽ നിരന്തരം ഇരകളാക്കപ്പെടുന്നത് സ്ത്രീകളാണ്. ഇതിന് മുൻപും സമാനമായ നിരവധി സംഭവങ്ങൾ അവിടെ നടന്നിട്ടുണ്ട്. അങ്ങേയറ്റം വേദനയോടെ അല്ലാതെ മണിപ്പൂരിലെ സാഹചര്യം നോക്കി കാണാൻ ആകില്ല. സമാധാനം പുനസ്ഥാപിക്കാൻ ബാധ്യതയുള്ള സർക്കാർ ആക്രമികളെ അഴിഞ്ഞാടാൻ വിട്ടു കയ്യും കെട്ടി നോക്കി നിന്നതിന്റെ അനന്തര ഫലമാണ് സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന കൊടും ക്രൂരതയെന്ന് എഐവൈഎഫ് അഭിപ്രായപ്പെട്ടു.
ഇനിയെത്ര സ്ത്രീകൾ തെരുവിൽ ബലാത്സംഗം ചെയ്യപ്പെട്ടാലാണ് അധികാരികളുടെ കണ്ണ് തുറക്കുക? പ്രശ്ന പരിഹാരത്തിനു ശ്രമിക്കാതെ മണിപ്പൂർ ജനത അനുഭവിക്കുന്ന തീരാ യാതനകൾ വിളിച്ചു പറഞ്ഞ ആനി രാജയെ പോലുള്ളവർക്ക് എതിരെ രാജ്യദ്രോഹ കേസ് എടുത്തു കളിക്കുകയാണ് സർക്കാരെന്നും എഐവൈഎഫ് സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി. കലാപകാരികൾക്ക് എതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണം. ജനാധിപത്യ വിശ്വാസികൾ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് വേണ്ടി അണി നിരക്കണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.