സംസ്ഥാന യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ച സംഭവം അതീവ ഗൗരവമായി കാണണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് രംഗത്ത്. ഇത്തരം പ്രവർത്തികൾ രാജ്യ സുരക്ഷയെ പോലും ബാധിക്കുന്നവയാണെന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം പ്രസ്താവനയിലൂടെ വ്യക്തമാക്കി. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ പോലും അട്ടിമറിക്കാൻ സാധിക്കുന്ന പ്രവർത്തിയാണ് യൂത്ത് കോൺഗ്രസ് ഇതിലൂടെ നടത്തിയിരിക്കുന്നത്. കോൺഗ്രസ് കള്ളന്മാരുടെയും വ്യാജൻമാരുടെയും കേന്ദ്രമായി മാറി കഴിഞ്ഞു. ഇത്തരം പ്രവർത്തികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നു എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസമോനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
1.5 ലക്ഷം ഐഡി കർഡുകളാണ് യൂത്ത് കോൺഗ്രസ് നിർമ്മിച്ചിരിക്കുന്നത്. 25 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചിട്ടുള്ളത്. ഈ പണം എവിടെ നിന്ന് വന്നു എന്നതും അന്വേഷിക്കണം. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണം. ജനാധിപത്യത്തെ താറുമാറാക്കുന്ന പ്രവർത്തിയാണ് യൂത്ത് കോൺഗ്രസ് നടത്തിയിരിക്കുന്നതെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി.
സിആർ കാർഡെന്ന ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രം മതി. പേരും മേൽവിലാസവും ഉൾപ്പെടെ വിവരങ്ങൾ നൽകിയാൽ 5 മിനിറ്റിനകം യഥാർത്ഥ തിരിച്ചറിയൽ കാർഡിനെ വെല്ലുന്ന രീതിയിൽ വ്യാജ കാർഡ് റെഡിയാകും.ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പി ആർ കമ്പനിയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതെന്നും എഐവൈഎഫ് പറഞ്ഞു.