മലപ്പുറം: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഖത്തറിൽ പുരോഗമിക്കവെ കേരളത്തിലെ ചില മത സംഘടനയുടെ നേതാക്കൾ നടത്തിയ അഭിപ്രായങ്ങൾ അപക്വവും, അനവസരത്തിലുള്ളതാണെന്നും എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. മത-ദൈവ വിശ്വാസവും,ഫുട്ബോൾ ടീമിനെയും കളിക്കാരെയും ഇഷ്ടപ്പെടുന്നവരുടെ ഭാഷയിലെ ‘ആരാധന’യും തമ്മിലുള്ള അന്തരം പോലും തിരിച്ചറിയാത്തതായി നടിച്ചുള്ള ഇത്തരം പ്രസ്താവനകൾ മതത്തിന്റെ ഭാഷയായി കരുതാനാകില്ല.
മത വിശ്വാസികളെ ഒരു തരത്തിലും പ്രയാസപ്പെടുത്താതെയും,അപകീർത്തിപ്പെടുത്താതെയുമാണ് ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ കടന്ന് പോകുന്നത്.മത-ജാതി-രാഷ്ട്ര ചിന്തകൾക്കപ്പുറത്തേക്കുള്ള മാനവ ഐക്യത്തെയും സാഹോദര്യത്തെയും,അതിരുകളില്ലാതെ മനുഷ്യനെന്ന പൊതു ചിന്തയുടെയും ഒത്തുകൂടലിനെ ലോകംആകമാനം സന്തോഷത്തോടെ സ്വീകരിച്ചിട്ടുമുണ്ട്.
ലോകകപ്പിനെ വരവേൽക്കാനായി സംഘടിപ്പിച്ച റാലികളും, ബോർഡുകളും,സ്ക്രീനുകളും സ്പോർട്സ് മാൻ സ്പിരിറ്റിൽ നിന്നുമാണ് ഉടലെടുക്കുന്നത്. മത-ദൈവ വിശ്വാസത്തിന്,ഫുട്ബോൾ ആരാധകരുടെ സ്പോർട്സ് മാൻ സ്പിരിറ്റ് അപകടമാണെന്ന ചിലരുടെ അഭിപ്രായ പ്രകടനം ഒരു മതത്തെയാകെ സമൂഹത്തിൽ തെറ്റിദ്ധരിപ്പിക്കാനെ ഉപകരിക്കൂ.ഇത്തരക്കാരെ തിരുത്താൻ വിശ്വാസി സമൂഹം മുന്നോട്ട് വരണമെന്നും, ലോകം ഏറ്റെടുത്ത ഖത്തർ ഫുട്ബോൾ വേൾഡ്കപ്പിനെ മതത്തിന്റെ മറപിടിച്ച് അനാവിശ്യ ചർച്ചകൾ സൃഷ്ടിക്കുന്നവരുടെ കപടവാദങ്ങളിൽ നിന്നും പൊതു സമുഹം ജാഗ്രത പാലിക്കണമെന്നും എഐവൈഎഫ് മലപ്പുറം ജില്ല പ്രസിഡന്റ് സി രജനി മനോജ്, സെക്രട്ടറി അഡ്വ ഷഫീർ കിഴിശ്ശേരി എന്നിവർ പ്രസ്താവനയിലൂടെ പറഞ്ഞു.