24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനു ഇന്ന് തുടക്കമാകും. സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക, ബാനർ, കൊടിമര ജാഥകൾ ആവേശ സ്വീകരരങ്ങളാണ് കടന്നു വരുന്ന വഴികളിൽ ലഭിച്ചത്.
സമ്മേളന നഗരിയിലുയർത്തുന്നതിനായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്റെയും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീറിന്റെയും നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച പതാക ജാഥ ഇന്ന് വൈകിട്ട് പൊതുസമ്മേളന വേദിയായ പികെവി നഗറിൽ (പുത്തരിക്കണ്ടം മൈതാനം) എത്തിച്ചേരും. ജാഥകളെ ആവേശത്തിലാക്കി എഐവൈഎഫ് എഐഎസ്എഫ് പ്രവർത്തകാരുടെ വലിയ പങ്കാളിത്തമാണ് ഉണ്ടായത്.
ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും പ്രവർത്തകർ ആവേശ ഉജ്ജ്വലമായ പ്രവർത്തനങ്ങളാണ് നടത്തി വന്നത്. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സമ്മേളന നഗരിയിലുൾപ്പെടെ യുവാക്കളുടെ സാനിധ്യം ആവേശം വിതച്ചിട്ടുണ്ട്. രാപ്പകലുകൾ ഇല്ലാതെ സമ്മേളനത്തിനായി യുവജനത ഒരേ മനസ്സോടെയാണ് പ്രവർത്തിച്ചത്. അതിന്റെയെല്ലാം പൂർത്തീകരണമാണ് സംസ്ഥാന സമ്മേളനം.
തൊഴിലില്ലായ്മയും സാമ്പത്തിക ചൂഷണവും കാരണം യുവാക്കളുടെ നടുവൊടിക്കുന്ന കേന്ദ്രസർക്കാരിനോടുള്ള യുവത്വത്തിന്റെ കടുത്ത വിയോജിപ്പാണ് സമ്മേളന നഗരിയിൽ പ്രതിഫലിപ്പിക്കുക. പൊതുമുതലുകളെല്ലാം വിറ്റു തുലച്ച് രാജ്യത്തെ തൊഴിലില്ലായ്മ ഇരട്ടിയിലധിമാക്കി മാറ്റിയ കേന്ദ്രസർക്കാരിന്റെ നടപടികൾക്കെല്ലാമുള്ള മറുപടിയായാണ് യുവത്വം ഈ സംസ്ഥാന സമ്മേളനത്തെ കാണുന്നത്.