ഇന്ത്യയിലെ നാനാ വിഭാഗത്തിൽപ്പെട്ട ജനങ്ങൾ ബിജെപി-ആർഎസ്എസ് കൂട്ടുകെട്ടിന്റെ പിന്തുണയോടെ ഭരിക്കുന്ന കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ കൊണ്ട് പൊറുതിമുട്ടുകയാണ്. ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന പരിതസ്ഥിതിയിലൂടെയാണ് രാജ്യം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.മോദി സർക്കാർ ജനങ്ങളെ വഞ്ചിച്ച് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാനുള്ള അനുവാദം കോർപ്പറേറ്റ് കമ്പനികൾക്കും കുത്തക മുതലാളിമാർക്കും ചാർത്തി നൽകിയിരക്കുകയാണ്. അതിന്റെ ഫലമായി, ഇന്ത്യൻ ജനതയെ ധനികരെന്നും ദരിദ്ര്യരെന്നും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഒരു വശത്ത് രാജ്യത്തെ 99 ശതമാനം ആളുകൾ പട്ടിണിക്കെതിരെ ജീവിതവുമായി പോരാടുമ്പോൾ മറുവശത്ത് ഒരു ശതമാനം അദാനിമാരും അംബാനിമാരും ചേർന്ന് ഇന്ത്യയെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി സർക്കാർ 2014 ൽ അധികാരത്തിൽ വന്നതിനുശേഷം ദാരിദ്ര്യം പലമടങ്ങ് വർദ്ധിച്ചു. രാജ്യത്തുണ്ടാവുന്ന പണപ്പെരുപ്പവും വിലക്കയറ്റവും ജനങ്ങളെ വലയ്ക്കുന്ന പ്രശ്നമായി മാറിക്കഴിഞ്ഞു. പണപ്പെരുപ്പം കുറയ്ക്കുന്നതിന് പകരം പെട്രോളിയം, പാചകവാതക വില വർധിപ്പിച്ച് ബിജെപി സർക്കാർ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണുണ്ടായത്.
നിലവിൽ കർഷകർ, കർഷകത്തൊഴിലാളികൾ, വ്യാവസായിക തൊഴിലാളികൾ, അസംഘടിത മേഖലയിലെ തൊഴിലെടുക്കുന്നവർ, സ്വയം തൊഴിൽ ചെയ്യുന്നവർ, നിത്യ വേതനക്കാർ, ഇടത്തരക്കാർ എന്നിവരുടെയെല്ലാം ജീവിതം തകർച്ചയുടെ വക്കിലെത്തിക്കാൻ കേന്ദ്രസർക്കാരിന്റെ ഭരണത്തിലൂടെ സാധിച്ചു. മോദി സർക്കാരിന്റെ വിറ്റഴിക്കൽ നയം ഇന്ത്യയെ അപ്പാടെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കോർപ്പറേറ്റുകളുടെ കാൽചുവട്ടിൽ അടിയറവ് വയ്ക്കുകയാണ് മോദി സർക്കാർ. അതുവഴി കോർപ്പറേറ്റുകൾ ലാഭം കൂട്ടുന്നതിനായി തൊഴിൽ വെട്ടിക്കുറക്കുകയും തൊഴിൽ ചെയ്യുന്നവർക്ക് കൂലി കുറച്ച് ജനദ്രോഹ നയങ്ങൾ നടപ്പിലാക്കി ജനങ്ങളുടെ ജീവിതം ഇരുട്ടിലാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന കേന്ദ്ര സർക്കാർ പറഞ്ഞുനടക്കുന്ന മുദ്രാവാക്യം സത്യത്തിൽ ‘കോർപ്പറേറ്റ്സ്കാ സാത്ത്, ജനതാകാ വിനാശ്’ ആയി മാറിയിരിക്കുന്നു. ഏറ്റവും കുറഞ്ഞ ജിഡിപിയും ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കും ‘ഓരോ വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ’ എന്ന വ്യാജ വാഗ്ദാനം നൽകി അധികാരത്തിലേറിയ കേന്ദ്രസർക്കാരിന്റെ വഞ്ചന പുറംലോകം അറിഞ്ഞ് തുടങ്ങിയിരിക്കുന്നു. പുറത്തുവന്നിട്ടുള്ള പല പഠന റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ, ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് നാല് ശതമാനത്തിൽ നിന്ന് നാലിരട്ടിയായി വർധിച്ച് എട്ട് ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തൽ. 2017ൽ ആറ് ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2022 ആകുമ്പോഴേക്കും 8.3 ശതമാനമായി ഉയർന്നു.
അഗ്നീവീറിന്റെ മറവിൽ സുരക്ഷാസേനയുടെ സ്വകാര്യവൽക്കരണം സൈനികരുടെ സുരക്ഷയെ മാത്രമല്ല, രാജ്യസുരക്ഷയ്ക്കും ഭീഷണിയാകും. അടുത്ത നാല് വർഷത്തിനുള്ളിൽ രണ്ട് കോടി ആളുകൾ കൂടി തൊഴിൽരഹിതരായ യുവാക്കളുടെ നിരയിലേക്ക് വരുമെന്നും 2022ഓടെ ഇത് 22 കോടിയായി ഉയരുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) യുടെ കണക്കുകൾ പ്രകാരം ഒക്ടോബറിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.77 ശതമാനമായിരുന്നു. കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയിൽ സമർപ്പിച്ച സർക്കാർ കണക്കുകൾ പ്രകാരം, 2022 മാർച്ച് 1 വരെ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലും 9.76 ലക്ഷം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടന്നാണ് വ്യക്തമാക്കിയത്. എന്നാൽ ഈ ഒഴിവുകൾ നികത്താൻ കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ബിജെപി-ആർഎസ്എസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തൊഴിലില്ലായ്മയെ സ്ഥാപനവൽക്കരിക്കാൻ ആഗ്രഹിക്കുന്നു.
1970 കളിൽ ഇന്ത്യൻ റെയിൽവേയിൽ 17 ലക്ഷം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ 13 ലക്ഷം ജീവനക്കാരിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. അതായത് നാല് ലക്ഷം ഒഴിവുകൾ ഇന്ത്യൻ റെയിൽവേയിൽ മാത്രമാണുള്ളത്. അതുപോലെ, ബാങ്കിംഗ് മേഖലയിൽ രണ്ട് ലക്ഷത്തോളം ഒഴിവുകൾ ഉണ്ട്. വർദ്ധിച്ചുവരുന്ന തൊഴിൽ പ്രശ്നം പരിഹരിക്കുക ഭഗത് സിംഗ് നാഷണൽ എംപ്ലോയിമെന്റ് ആക്ട് പാർലമെന്റ് ഉടൻ പാസക്കുക, ‘ദേശീയ വിദ്യാഭ്യാസ നയം’ (എൻഇപി) ഉടനടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 25-ന്, എഐവൈഎഫും എഐഎസ്എഫും സംയുക്തമായി ഇന്ത്യൻ പാർലമെന്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.
കൃത്യസമയത്ത് ജോലി നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ, ജോലി ഉറപ്പുനൽകുന്നത് വരെ അപേക്ഷകന് 20,000 രൂപ പ്രതിമാസ അലവൻസ് ലഭിക്കണം ഈ നിയമം വ്യക്തമാക്കുന്നു. അതിനാൽ ഭഗത് സിംഗ് നാഷണൽ എംപ്ലോയിമെന്റ് ആക്ട് പാർലമെന്റ് ഉടൻ പാസക്കണമെന്നത് യുവാക്കളുടെ ആവശ്യമാണ്. അതിനായി പോരാടാനുറച്ചുതന്നെയാണ് എഐവൈഎഫും എഐഎസ്എഫും പാർലമെന്റ് മാർച്ചിനൊരുങ്ങിയിരിക്കുന്നത്. ഇത്തരം ജോലിക്കായി രാജ്യത്ത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആവശ്യമാണ്. അത് സൗജന്യവും നിർബന്ധിതവുമായി നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനാൽ വിദ്യാഭ്യാസ സമ്പ്രദായത്തെ വാണിജ്യവൽക്കരിക്കാനും കോർപ്പറേറ്റ് വൽക്കരിക്കാനും കാവിവൽക്കരിക്കാനും ലക്ഷ്യമിട്ടുള്ള ‘ദേശീയ വിദ്യാഭ്യാസ നയം’ (എൻഇപി) ഉടനടി പിൻവലിക്കണമെന്ന് എഐവൈഎഫും എഐഎസ്എഫും ആവശ്യപ്പെടുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസനയത്തെ അപ്പാടെ തകർക്കാനാണ് എൻഇപി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ നയം വിദ്യാഭ്യാസ മേഖലയെ ചുരുക്കം ചിലരുടെ ലാഭത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസ വ്യവസായമാക്കി മാറ്റിയുരുക്കുകയാണ് കേന്ദ്രസർക്കാർ. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച്, ബിരുദം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നാല് വർഷം പഠിക്കേണ്ടതുണ്ട്. അതേസമയം, ഒരാൾക്ക് ഡിപ്ലോമ ബിരുദം കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും. കോഴ്‌സ് പാതിവഴിയിൽ ഉപേക്ഷിക്കാൻ ഇത് വിദ്യാർത്ഥികളെ പ്രേരിപ്പിച്ചേക്കാം. രാജ്യത്തുടനീളം പൊതു സിലബസ് ഇല്ലാത്തപ്പോൾ പൊതു പ്രവേശന പരീക്ഷ നടത്തുന്നത് അനീതിയാണ്.
കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾ ഈ വ്യത്യാസങ്ങൾ തുറന്നുകാട്ടി. ഹിന്ദിയും സംസ്‌കൃതവും പരോക്ഷമായി അടിച്ചേൽപ്പിക്കാനുള്ള ഒരു ഹിഡൻ അജണ്ട നാഷണൽ എഡ്യൂക്കേഷൻ പോളിസിക്ക് ഉണ്ട്. അതിനാൽ, ഇന്ത്യൻ വിദ്യാർത്ഥികളും യുവാക്കളും എന്ന നിലയിൽ സമരമുന്നണി സർക്കാരിനോട് നാഷണൽ എഡ്യൂക്കേഷണൽ ആക്ട് റദ്ദാക്കാനും എഐഎസ്എഫ് നിർദ്ദേശിച്ച ജനകീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനും ആവശ്യപ്പെടുന്നു. സമരമുന്നണി മുന്നോട്ട് വയ്ക്കുന്ന ഈ നയം പൂർണമായും പൊതുമേഖലാ സ്‌കൂളുകളിലും കോളേജുകളിലും എല്ലാവർക്കും സൗജന്യവും നിർബന്ധിതവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം ഉറപ്പുനൽകുന്നു. അർഹിക്കുന്നവരെ തഴഞ്ഞ് അനർഹകർക്ക് ജോലി നൽകുന്ന സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ ശക്തമായ ശബ്ദം ഉയർത്തുകയെന്നതുൾപ്പെടെയുള്ള വിവിധ ഉദ്ദേശങ്ങൾ ഉയർത്തിയാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള എഐവൈഎഫിന്റെയും എഐഎസ്എഫിന്റെയും സഖാക്കൾ പങ്കെടുക്കുന്ന പ്രതിഷേധത്തിനു പാർലമെന്റ് സാക്ഷ്യം വഹിക്കാനിരിക്കുന്നത്. ഇന്ത്യയിലെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ശബ്ദം പ്രതിധ്വനിക്കാൻ, ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷനും ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനും സംയുക്തമായി 2022 നവംബർ 25 ന് രാജ്യ തലസ്ഥാനത്ത് ശക്തമായ സമരം നടത്തും.