രാജ്യത്തെ ഇഡി ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികൾ സംഘപരിവാർ പോഷക സംഘടന പോലെ പ്രവർത്തിക്കുകയാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ. എഐവൈഎഫ് ആലുവ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് എൻ അരുൺ മോദി സർക്കാരിനെതിരെയും ബിജെപിയുടെ നെറികെട്ട രാഷ്ട്രീയത്തിനെതിരെയും രംഗത്ത് വന്നത്. ബിജെപിയെ എതിർക്കുന്നവരെ ഇഡി യെ ഉപയോഗിച്ച് ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഒപ്പം നിർത്തുകയും നിശബ്ദരാക്കുകയും ചെയ്യുകയാണ് കേന്ദ്രമെന്ന് എൻ അരുൺ വ്യക്തമാക്കി. രാജ്യവ്യാപകമായി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി ജനാധിപത്യത്തെ ബിജെപി കശാപ്പ് ചെയ്യുകയാണ്.
രാജ്യത്തിൻ്റെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുവാനുള്ള പോരാട്ടമായി ലോക്സഭാ തെരഞ്ഞെടുപ്പിനെ കാണണമെന്നും എൻ അരുൺ ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം നിമിൽ അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന സമിതി അംഗം രേഖ ശ്രീജേഷ്, സിപിഐ ജില്ലാ കമ്മറ്റി അംഗം എ ഷംസുദ്ദീൻ, മനോജ് ജി കൃഷ്ണൻ, സിപിഐ ആലുവ മണ്ഡലം സെക്രട്ടറി അസ്ലഫ് പാറേക്കാടൻ, മഹിളാസംഘം ജില്ലാസെക്രട്ടറി താരാ ദിലീപ് എന്നിവർ സംസാരിച്ചു.
പുതിയ കമ്മറ്റി ഭാരവാഹികളായി പ്രസിഡൻ്റ് നിമിൽ എൻ എ, വൈസ് പ്രസിഡൻ്റുമാരായി റിയാസ് പാറേലി, ആബിദ് കെ എ, റൈജ അമീർ, സെക്രട്ടറി അനൂപ് ജെ പി, ജോ. സെക്രട്ടറിമാരായി അൻവർ അലി, വി എൻ സുനീഷ് , പി.എസ് സുധീഷ് എന്നിവരെ തെരെഞ്ഞെടുത്തു.