തിരുവനന്തപുരം: ആർത്തവ ദിനങ്ങളിൽ വിദ്യാർത്ഥിനികൾക്ക് ഹാജരോടു കൂടിയ അവധി നൽകാനുള്ള കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ തീരുമാനത്തെ അഭിനന്ദിച്ച് എഐവൈഎഫ് രംഗത്ത്. എഐവൈഎഫ് സംസ്ഥാനകമ്മിിറ്റിയാണ് കുസാറ്റിന്റെ നടപടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ആർത്തവ സമയങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന ശാരീരിക, മാനസ്സിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിക്കൊണ്ടുള്ള തീരുമാനം, മറ്റു സർവകലാശാലകളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ഉറപ്പായും പിന്തുടരേണ്ടതാണെന്ന് എഐവൈഎഫ് വ്യക്തമാക്കി.
ഒപ്പം, ആർത്തവത്തിന്റെ പേരിൽ ഇപ്പോഴും അയിത്തം നിലനിൽക്കുന്ന നമ്മുടെ സമൂഹത്തിൽ, ലിംഗനീതിയെ കുറിച്ച് കൂടുതൽ അവബോധ പ്രചാരണങ്ങൾ സർക്കാർ നടത്തുകയും വേണം. കുസാറ്റ് അധികൃതരുടെ ഈ നടപടിയെ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അഭിനന്ദിക്കുന്നു.