സംസ്ഥാനത്തെ കാലവർഷക്കെടുതിയെ നേരിടാൻ എഐവൈഎഫ് ഭഗത് സിങ് യൂത്ത് ഫോഴ്‌സ് സജ്ജം. ഏത് അടിയന്തര ഘട്ടത്തിലും സഹായത്തിനായി ഭഗത് സിങ് യൂത്ത് ഫോഴ്‌സ് പ്രവർത്തകരെ ബന്ധപ്പെടാം. സംസ്ഥാനത്ത് മഴ ശക്തമായതു മുതൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് യൂത്ത് ഫോഴ്സ് പ്രവർത്തകർ സജ്ജരായിട്ടുണ്ട്.
സംസ്ഥാനത്ത് പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കേരളത്തിലെ റെഡ് അലർട്ടും മഴ ശക്തമാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും അവഗണിച്ച് ഏതെങ്കിലും പ്രവർത്തനങ്ങൾക്ക് മുതിരരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് 23 വരെ അതിതീവ്ര മഴ തുടരുമെന്നാണ് പ്രവചനം. റെഡ് അലർട്ടുള്ള ജില്ലകളിൽ മലയോര മേഖലയിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും രാത്രി യാത്രയ്ക്ക് ഏർപ്പെടുത്തിയ നിരോധനം തുടരുകയാണ്. കടലിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുമുണ്ട്.അടിയന്തിര സാഹചര്യം നേരിടാൻ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.