തിരുവല്ല: തിരുവല്ല മെഡിക്കൽ മിഷൻ – രാമഞ്ചിറ റോഡിൽ സിൽകോൺ ജംഗ്ഷനിൽ, റോഡിൽ അടിഞ്ഞ ചരൽ മണ്ണിൽ കയറി ഇരുചക്ര വാഹനങ്ങളുൾപ്പെടെ അപകടങ്ങൾ പതിവായതിനാൽ എഐവൈഎഫ് ഭഗത് സിങ് യൂത്ത് ഫോഴ്സ് തിരുവല്ല ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ അടിഞ്ഞ ചരൽ മണ്ണ് നീക്കം ചെയ്തു. സാലു ജോൺ , ജിജോ ചാക്കോ , ലിജു വർഗീസ് , വിഷ്ണു ഭാസ്കർ , അനിൽ മുത്തൂർ , ഹരികൃഷ്ണൻ , ജ്യോതിഷ് ജോയ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകി.
തിരുവല്ല മെഡിക്കൽ മിഷൻ – രാമഞ്ചിറ റോഡ് നഗരസഭയിലെ പ്രധാന റോഡിലാണ് യാത്ര ചെയ്യാൻ ദുഷ്കരമായ നിലയിൽ കിടന്നിരുന്നത്. കുണ്ടും കുഴിയുമായി കിടക്കുന്ന ഈ റോഡ് യാത്രക്കാർക്ക് ദുരിതമാണ്.
റോഡ് തകർന്ന് തരിപ്പണമായിട്ട് കാലം കുറെയായി. വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്ത റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടതോടെ മഴക്കാലത്ത് തടാകമായി മാറും. ചെളിവെള്ളം ഒഴുകിപ്പോകാൻ പലയിടത്തും ഓടയുമില്ല.
കാലാകാലങ്ങളിൽ നഗരസഭ അറ്റകുറ്റപ്പണി നടത്താറില്ല. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് പോകുന്നത്. റോഡിലെ കുഴികളിൽ വീണ് അപകടങ്ങളും പതിവാണ്.
റോഡിന്റെ തകർച്ച കാരണം ടാക്സി വാഹനങ്ങൾ വരാൻ മടിക്കുന്നതായും എഐവൈഎഫ് തിരുവല്ല ടൗൺ മേഖല ഭാരവാഹികളായ പ്രസിഡന്റ് ശ്രീവൽസ് തമ്പി , സെക്രട്ടറി വിഷ്ണു ഭാസ്കർ എന്നിവർ പറഞ്ഞു. റോഡ് സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം എന്ന് എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.