നിലമ്പൂർ: ചാലിയാറിൽ മുങ്ങി മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ കണ്ടെത്തി. മൂന്നു ദിവസത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോത്തുകൽ ഉപ്പട ഗ്രാമം കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ടുകാണാതായ റാഷിദിന് വേണ്ടി കനത്ത മഴയിലും കുത്തൊഴുക്കുള്ള ചാലിയാർ പുഴയിൽ ഭഗത് സിംഗ് യൂത്ത് ഫോഴ്സ് നിലമ്പൂർ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ മൂന്ന് ദിവസം തിരച്ചിൽ നടത്തി.
കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തുന്നതിനിടെ കടവിന് താഴെ പൂക്കോട്ടുമണ്ണയിൽ വെച്ച് കണ്ടെടുക്കുകയായിരുന്നു . സെക്രട്ടറി ഷാജഹാൻ പാത്തിപ്പാറയും , പ്രസിഡന്റ് ഹരികൃഷ്ണൻ , ചീനിക്കൽ ഷാജി , ഡിക്സൺ , സുധീർ , യാക്കുബ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടടുത്തത് . പ്രവർത്തകരുടെ ധീരമായ പ്രവർത്തനത്തിന് ജില്ലാ നേതാക്കൾ ഉൾപ്പെടെ അഭിനന്ദിച്ചു.