ഉരുളു പൊട്ടി കുത്തിയൊലിച്ചു പോയ രാത്രി വെളുത്തപ്പോൾ, എവിടെ നിന്നെല്ലാമോ ആ കൂട്ടം മുണ്ടക്കൈ ഗ്രാമത്തിലേക്ക് പാഞ്ഞെത്തി. നീലയും ചുവപ്പും യൂണിഫോമിട്ട ഒരു കൂട്ടം ചെറുപ്പക്കാർ. എഐവൈഎഫിന്റെ സന്നദ്ധ ഭടന്മാർ. ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ പ്രിയപ്പെട്ട സഖാക്കൾ.
ഒരു അറിയിപ്പിനും കാത്തു നിൽക്കാതെ അവർ ചെളി കൂമ്പാരത്തിലേക്കിറങ്ങി. കുതിച്ചു പാഞ്ഞ നദിക്ക് കുറുകെ വടം വലിച്ചു കെട്ടി അക്കരെക്ക് നീങ്ങി. അൽപ പ്രാണനുമായി സഹായത്തിനു കേണ മനുഷ്യരെ വാരിയെടുത്തു. ഒഴുകി നടന്ന ചേതനയറ്റ ശരീരങ്ങളെ തടഞ്ഞു നിർത്തി കരയ്ക്കടുപ്പിച്ചു.
എട്ടു മണിയോടെ സംസ്ഥാന കമ്മിറ്റിയുടെ നിർദേശമെത്തി: എഐവൈഎഫിന്റെ എല്ലാ പ്രവർത്തകരും വയനാടിന് വേണ്ടി രക്ഷാ പ്രവർത്തനത്തിന് ഇറങ്ങേണം. അപ്പോഴേക്കും ആദ്യമെത്തിയ സഖാക്കൾ ആദ്യ റൗണ്ട് തിരച്ചിലിന്റെ പകുതി പിന്നിട്ട് കഴിഞ്ഞിരുന്നു.
ചിലർ മണ്ണ് മാറ്റി ആളെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ മറ്റു ചിലർ ആശുപത്രികളിൽ രക്ത ദാനത്തിനും മറ്റു സംവിധാനങ്ങൾ ഒരുക്കാനും ഓടി. കിട്ടിയ വാഹനങ്ങളിൽ അവർ മനുഷ്യ ജീവനും കയ്യിൽ പിടിച്ചു പാഞ്ഞു.
വിശപ്പുണ്ടായിരുന്നു, അടങ്ങാത്ത ദാഹവും. എന്നിട്ടും അക്കൂട്ടം ചെറുപ്പക്കാർ എവിടെയും ഇരുന്നില്ല, വിശ്രമിച്ചില്ല. പുതഞ്ഞു കിടക്കുന്ന മണ്ണിനടിയിൽ തങ്ങളെത്തുമെന്ന പ്രതീക്ഷയിൽ ഒരു ജീവൻ കാക്കുന്നുണ്ട് എന്നവർ കണക്കു കൂട്ടി.
സൈന്യത്തിന് സഹായം ചെയ്യാനും, ഉറ്റവരെ തേടി അലഞ്ഞവർക്ക് കൂട്ട് പോകാനും അവർ മുൻപന്തിയിലോടി. കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ്ന്റെ അംഗങ്ങൾ പിന്നാലെയെത്തി. മറ്റു ജില്ലകളിലെ സഖാക്കൾ അപ്പോഴേക്കും കളക്ഷൻ പോയിന്റുകൾ തുടങ്ങി കഴിഞ്ഞിരുന്നു. ഒട്ടും വൈകാതെ മുണ്ടക്കയിൽ എഐവൈഎഫ് ജനകീയ അടുക്കള തുറന്നു.
താനേ ഓടി കൂടിയ കൂട്ടമാണ്, തലയും ഉടലും വേർപെട്ട നിലയിലുള്ളത് ഉൾപ്പെടെ പതിനാറ് മൃതദേഹങ്ങൾ തപ്പിഎടുത്തവർ വരെ ആ കൂട്ടത്തിലുണ്ട്. ചിലരൊക്കെ കരഞ്ഞു പോയി, ചിലരൊക്കെ പതറി പോയി… എന്നിട്ടും അവർ എഴുന്നേറ്റ് നടന്നു, ചെളിയിലെക്കിറങ്ങി… അവർക്ക് അറിയാമായിരുന്നു, വയ്ക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന്… നിങ്ങളെ പോലുള്ള കുറെയധികം മനുഷ്യരുള്ളപ്പോൾ, പ്രിയപ്പെട്ട സഖാക്കളേ… നമ്മുടെ കേരളം തോൽക്കുന്നതെങ്ങനെ…