പുനലൂർ: സന്നദ്ധ സേന പ്രവർത്തനങ്ങൾക്കായി സംസ്ഥാന വ്യാപകമായി പരിശീലനം ലഭിച്ച 10000 പേരുടെ സേനയുമായി എഐവൈഎഫ് ഭഗത്സിംഗ് യൂത്ത് ഫോഴ്സ്. കഴിഞ്ഞ പ്രളയകാലത്തും, കോവിഡ് കാലത്തും ഭഗത്സിംഗ് യൂത്ത് ഫോഴ്സിന്റെ നേതൃത്വത്തിൽ നിരവധിയായ സനദ്ധ സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പ്രാധാന്യം മുന്നിൽ കണ്ടാണ് യൂത്ത് ഫോഴ്സിന്റെ പ്രവർത്തനം വിപുലീകരിക്കുന്നത്.വാർഡ് തലം വരെ സേനാഗംങ്ങളുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.യൂത്ത് ഫോഴ്സിന്റെ യൂണിഫോം പ്രകാശനം സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരനും, പ്രതിനിധികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പി എസ് സുപാൽ എംഎൽഎയും നിർവഹിച്ചു.
പാലിയേറ്റീവ് പ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, രക്തദാനം, ദുരന്ത നിവാരണം, രക്തദാനം, ജീവകാരുണ്യം, സന്നദ്ധ സേവനം, എന്നീ മേഖലകളിലാണ് പ്രധാനമായും പ്രവർത്തിക്കുക.കൂടാതെ സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതിനും ഭഗത്സിംഗ് യൂത്ത് ഫോഴ്സ് ലക്ഷ്യമിടുന്നു. മെയ് 18,19 ദിവസങ്ങളിലായി പുനലൂർ ഇടമണ്ണിൽ നടന്ന ക്യാമ്പ് എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറി ആർ. തിരുമലൈ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഒന്നാം ദിനം ദുരന്ത നിവാരണം കേരളത്തിൽ ആമുഖം, ദുരന്ത നിവാരണ മേഖലയിൽ സന്നദ്ധ പ്രവർത്തകരുടെ പങ്ക് എന്നീ വിഷയങ്ങളിൽ ഹസാഡ് അനലിസ്റ്റ് ഡോ. ശ്രീജ ക്ലാസ് നയിച്ചു. പാലിയേറ്റീവ് പ്രവർത്തനങ്ങളും യുവത്വത്തിന്റെ കടമകളും എന്ന വിഷയത്തിൽ ഡോ ജയശങ്കറും ഭഗത് സിംഗ് യൂത്ത് പ്രവർത്തന പരിപാടിയും ലക്ഷ്യങ്ങളും വിഷയത്തിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, സുരക്ഷാ ബോധവൽക്കരണ ക്ലാസ് ദുരന്ത നിവാരണ അതോറിറ്റി കോട്ടയം ജില്ലാ കൺവീനർ ദീപു തോമസ്, ഫസ്റ്റ് എയ്ഡ് ട്രൈനിംഗ് ക്ലാസ് ഡോ അനിൽ കുമാറും നയിച്ചു.രണ്ടാം ദിനം സുരക്ഷാ ബോധവൽക്കരണ ക്ലാസ്, ഫസ്റ്റ് എയ്ഡ് ടൈനിംഗ് ക്ലാസ്, എന്നീ വിഷയങ്ങളിൽ ക്ലാസ് നടന്നു.
തുടർന്ന് നടന്ന സമാപന സമ്മേളനം മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി ചെയർമാൻ എൽ ഗോപിനാഥ പിള്ള സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം സലീം, സംസ്ഥാന വൈസ് പ്രസിഡന്റ് വിനീത വിൻസന്റ്, ജില്ലാ പ്രസിഡന്റ് റ്റി എസ് നിധീഷ്, പുനലൂർ മണ്ഡലം സെക്രട്ടറി എസ് രാജ് ലാൽ എന്നിവർ സംസാരിച്ചു. സംസ്ഥാന ക്യാപ്റ്റനായി എസ് വിനോദ് കുമാർ വൈസ് ക്യാപ്റ്റൻ മാരായി ടി.വി.രജിത, സി.പി.നിസാർ, കനിഷ്കനെയും ട്രെയിനിംഗ് കോർഡിനേറ്ററായി ദീപു തോമസും ഉൾപ്പടെ 39 അംഗ സംസ്ഥാന സബ് കമ്മിറ്റിയെയും ക്യാമ്പ് തിരഞ്ഞെടുത്തു.