തിരുവനന്തപുരം: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുെമെതിരെ കര്‍ശന നിയമം പാസാക്കുക എന്ന ലക്ഷ്യത്തോടെ എഐവൈഎഫ് ജാഗ്രതാ സദസ് ഇന്ന് സംഘടിപ്പിക്കും. നവോത്ഥാന നാടിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ ജില്ലാ കേന്ദ്രങ്ങളിലായി സദസ് സംഘടിപ്പിക്കുമെന്നാണ് എഐവൈഎഫ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. പത്തനംത്തിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ ദുരാചാരത്തിന്റെ പേരില്‍ നരബലിക്കിരയാക്കിയ സംഭവം ഇനി സാക്ഷര കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സദസ് സംഘടിപ്പിക്കുന്നത്.
കേരളത്തില്‍ രണ്ട് സ്ത്രീകള്‍ നരബലിക്ക് ഇരകളായി എന്ന വാര്‍ത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും രം?ഗത്തെത്തിയിരുന്നു. ഒരു പുരോഗമന സമൂഹത്തില്‍ ഇപ്പോഴും ഇത്തരത്തിലുള്ള പ്രാകൃത പ്രവര്‍ത്തികള്‍ നിലനില്‍ക്കുന്നു എന്നത് അങ്ങേയറ്റം ഭയപ്പെടുത്തുന്നതും അപമാനകരവുമാണെന്ന് എഐവൈഎഫ് പ്രസ്താവന നടത്തിയിരുന്നു.
ഇത്തരം പ്രാകൃത ചിന്തകള്‍ കൊണ്ടു നടക്കുന്ന വ്യക്തികളുടെ ചതി കുഴികളില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒരു ആഭിചാര കര്‍മ്മത്തിലൂടെയും ആര്‍ക്കും സാമ്പത്തിക നേട്ടമുണ്ടാകില്ല എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. മനുഷ്യരുടെ ദുര്‍ബലമായ മനസിനെ തെറ്റിദ്ധരിപ്പിച്ചു കുറ്റകൃത്യങ്ങള്‍ ചെയ്തു കൂട്ടുന്ന വ്യാജ സിദ്ധന്മാരെയും ആള്‍ ദൈവങ്ങളെയും വെളിച്ചത്തു കൊണ്ടുവന്നു തക്കതായ ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ് സംവിധാനങ്ങള്‍ കൂടുതല്‍ സൂക്ഷ്മതയോടെ ഇടപെടണം എന്നും എഐവൈഎഫ് സംസ്ഥാന നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.