പശ്ചിമേഷ്യയിൽ സാമ്രാജ്യത്വ നയങ്ങൾ നടപ്പിലാക്കാനുള്ള ഇസ്രായേലിന്റെയും അമേരിക്കയുടെയും നീക്കങ്ങൾ ലോക സമാധാനത്തിന് അത്യന്തം ഭീഷണി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
പലസ്തീൻ ജനതയുടെ മേൽ ഉപരോധങ്ങളും മനുഷ്യാവകാശലംഘനങ്ങളുമടക്കം
സ്ഥാപിച്ചു കൊണ്ടുള്ള അധിനിവേശാക്രമണം എല്ലാവിധത്തിലുള്ള മാനുഷികതയേയും നിരാകരിച്ച് കൊണ്ട് മുന്നേറുന്നതിനിടെയാണ്
സ്ഥിതി കൂടുതൽ വഷളാക്കുന്ന വിധത്തിൽ ഇറാനു നേരെയും ഇസ്രായേൽ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്.

ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും അതിനെ തകർക്കുന്നതിന് വേണ്ടിയാണെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് സമാനതകൾ ഇല്ലാത്ത നരഹത്യക്ക് തുടക്കം കുറിച്ചിരിക്കുന്നത് ഇസ്രായേൽ.
സിവിലിയൻ ഊർജ്ജ ആവശ്യങ്ങൾക്കായുള്ള യുറേനിയം സമ്പുഷ്ടീകരണം തങ്ങളുടെ അവകാശമാണെന്ന ഇറാന്റെ വാദഗതിയെ തള്ളിക്കൊണ്ടാണ് ലോകം കണ്ട ഏറ്റവും വലിയ സാമ്രാജ്യത്വ ഭീകരർ യുദ്ധമുഖം തുറക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഇസ്രായേൽ ഇറാനിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരതക്കെതിരെ
ശക്തമായ പ്രതിഷേധം നാം ഉയർത്തേണ്ടതുണ്ട്. രാജ്യം തുടർന്ന് വന്നിരുന്ന സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളെ പിന്തള്ളിക്കൊണ്ട് ഇസ്രായേൽ ദാസ്യം പ്രകടിപ്പിക്കുന്ന സമീപനം ഇന്ത്യൻ ഭരണ കൂടം തിരുത്തണം.
ഇസ്രായേലിന്റെ അധിനി വേശ താല്പര്യങ്ങൾക്കും വംശ ഹത്യക്കും അമേരിക്കയും മറ്റ് സാമ്രാജ്യത്വശക്തികളും സംരക്ഷണം നൽകുന്നതിൽ നിന്നുതന്നെ വിഷയത്തിലുള്ള ആഗോള ഗൂഢാലോചനകൾ വ്യക്തമാണ്.
ഐക്യ രാഷ്ട്ര സഭയും ലോക രാജ്യങ്ങളും കുറ്റകരമായ മൗനം വെടിഞ്ഞ് ഇറാന്റെ മേലുള്ള ഇസ്രായേലിന്റെ കടന്നാക്രമണത്തിന്നെതിരെ പ്രതികരിക്കേണ്ടതുണ്ട്.
ലോകത്തെവിടെയും നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കും സാമ്രാജ്യത്വ വിരുദ്ധ നയങ്ങൾക്കുമെതിരെ ശബ്ദമുയർത്തുക എന്നത് എഐവൈഎഫിന്റെ പ്രഖ്യാപിത നയമാണ്.സാർവദേശീയ പ്രശ്‌നങ്ങളിൽ സുചിന്തിതവും ആശയവ്യക്തതയോടുകൂടിയും എന്നും നിലപാടുകൾ സ്വീകരിച്ച എഐവൈഎഫ് വിയറ്റ്‌നാം യുദ്ധ വേളയിൽ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഇന്ത്യൻ തെരുവുകളിൽ ‘മേരാ നാം വിയറ്റ്‌നാം തേരാ നാം വിയറ്റ്‌നാം’ എന്ന മുദ്രാവാക്യം ഉയർത്തിയിരുന്നു.

ലോക സമാധാനത്തിനു വേണ്ടിയും യുദ്ധത്തിന്നെതിരെയും എക്കാലവും നിലകൊണ്ട ചരിത്രമുള്ള എ ഐ വൈ എഫ് പശ്ചിമേഷ്യയിൽ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന കിരാതവാഴ്ചക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. അതോടൊപ്പം അടുത്ത ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി യുദ്ധ വിരുദ്ധ ക്യാമ്പയിനുകൾക്ക് നേതൃത്വം നൽകുമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ അറിയിച്ചു.