കയ്പമംഗലം: കാരയിലെ പൊതുമൈതാനത്തിന് സമീപത്തൂടെ പോയവർ എന്താണ് നടക്കുന്നതെന്നറിയാതെ അതിശയത്തോടെ നോക്കി. മറ്റു ചിലർ വല്ല സിനിമയുടെയോ മറ്റോ ചിത്രീകരണമാണെന്ന് കരുതി കുറെ നേരം നോക്കി നിന്നു. പിന്നെയല്ലെ കാര്യം മനസിലായത് സ്ഥലം എംഎൽഎ ടൈസൺ മാഷും, എഐവൈഎഫ് സഖാക്കളും, പാർട്ടിയുടെ പ്രവർത്തകരും വരുന്നു. ചായ തയ്യാറാക്കുന്നതും, വിഭവങ്ങൾ വിളമ്പുന്നതും, സംഭാവനകൾ സ്വീകരിക്കുന്നതും എല്ലാം എടവിലങ്ങിലെ പ്രവർത്തകരും, കുടുംബങ്ങളിലെ വീട്ടമ്മമാരും തന്നെ.
ചായക്കുറിയിൽ ക്ഷണം സ്വീകരിച്ച് നിരവധിയാളുകൾ സായാഹ്നത്തിൽ എത്തിച്ചേർന്നു. പഴമയുടെ പാട്ടുകൾ കേട്ടും വർത്തമാനങ്ങൾ മൊഴിഞ്ഞും സംഭാവനകൾ നൽകിയുമാണ് അവരെല്ലാം മടങ്ങിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മണ്ഡലത്തിലൊരു ഓഫീസ്, അത് സഖാവ് പി കെ ഗോപാലകൃഷ്ണൻ സ്മാരക മന്ദിരമെന്ന പേരിൽ നിർമ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് എഐവൈഎഫ് എടവിലങ്ങ് മേഖല കമ്മിറ്റി ഇത് സംഘടിപ്പിച്ചത്.
പുതുതലമുറക്ക് പരിചിതമല്ലാത്തതും, പഴയ തലമുറ കണ്ടതുമായ ആവിഷ്ക്കാരം ഭാവനാസമ്പന്നമായ് പുന:സൃഷ്ടിക്കാൻ കഴിഞ്ഞു. സിപിഐ ജില്ല സെക്രട്ടറി കെ കെ വത്സരാജ്, ജില്ല എക്സി.അംഗങ്ങളായ ടി കെ സുധീഷ്, കെ എസ് ജയ, കേരള ഫീഡ്സ് ലിമിറ്റഡ് ചെയർമാൻ കെ ശ്രീകുമാർ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, ജില്ല എക്സി.അംഗം സി കെ ശ്രീരാജ്, മണ്ഡലം സെക്രട്ടറി അരുൺജിത്ത് കാനപ്പിള്ളി, പ്രസിഡന്റ് എം എസ് നിഖിൽ തുടങ്ങിയ നേതാക്കളും, മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ക്ഷണം സ്വീകരിച്ചെത്തിയ നിരവധി പേരും പങ്കെടുത്തു.
മേഖല പ്രസിഡന്റ് പി എഫ് ലോറൻസ്, സെക്രട്ടറി ഇ എഫ് പ്രിൻസ്, സിപിഐ ലോക്കൽ സെക്രട്ടറി പി എ താജുദ്ദീൻ, പി എസ് അജയൻ, എം ആർ കൈലാസൻ, സന്തോഷ് കോരുചാലിൽ, പി ബി ഷിബു, സുമ വത്സൻ, നസീർ, അൻസാർ എന്നിവർ നേതൃത്വം നൽകി.