മലപ്പുറം: ഗവർണർക്കതിരെ കാർട്ടൂൺ പ്രതിഷേധം സംഘടിപ്പിച്ച് എഐവൈഎഫ്. കേരള ഗവർണ്ണറുടെ ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരെ മലപ്പുറത്ത് വിദ്യഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായിലാണ് എഐവൈഎഫ് മണ്ഡലം കമ്മിറ്റി നവാസ് കോണോംപാറയുടെ കാർട്ടൂണുകളുടെ കൊളാഷ് പ്രദർശിപ്പിച്ചത്.
ഇത് ആദ്യമായല്ല നവാസ് ചിത്രങ്ങളിലൂടെ പ്രതിഷേധമായി രംഗത്തെത്തുന്നത്. കാലികപ്രധാന്യമുള്ള രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലുൾപ്പെടെ തന്റെ വരകളിലൂടെ മറുപടി നൽകാൻ എന്നും നവാസ് ശ്രദ്ധിച്ചിരുന്നു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർത്ത് അവിടെ ആർഎസ്എസിന്റെ പ്രീതിപിടിച്ചു പറ്റിയവരെ പ്രതിഷ്ഠിക്കാനാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് നവാസ് പറഞ്ഞു. കേരളം ഇന്നേവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത നടപടികളാണ് ഇപ്പോഴത്തെ ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.
ഗവർണറുടെ ആർഎസ്എസ് വിധേയത്വവും ജനാധിപത്യസർക്കരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളും പൊതുസമൂഹത്തിനു തന്റെ ചിത്രങ്ങളിലൂടെ വരച്ചുകാട്ടുകയാണ് നവാസ് കോണോംപാറ. കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമത്തിനെതിരെയും കൊളാഷിലൂടെ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയ കലാകാരനാണ് നവാസ്. പതിനഞ്ച് വർഷത്തിലധികമായി കലാരംഗത്ത് സജീവമായ അദ്ദേഹം കേരള കർട്ടൂൺ അക്കാദമിയുടെ മുൻ അംഗം കൂടിയായിരുന്നു.
പ്രതിഷേധ പരിപാടിയിൽ എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. ഷഫീർ കിഴിശ്ശേരി സി എച്ച് നൗഷാദ്, എം എ അജയകുമാർ, കെ വി നാസർ, എച്ച് വിൻസെന്റ്, നിസാം പാണക്കാട്, ഫാസിൽ വി വി, ഷംസു കാട്ടുങ്ങൽ, കാർട്ടൂണിസ്റ്റ് നവാസ് കോണോംപാറ എന്നിവർ സംസാരിച്ചു.