തിരുവനന്തപുരം: ഗാന്ധിജിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വ ദിനമായ ഇന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിയെ കൊന്നവർ രാജ്യദ്രോഹികൾ എന്ന മുദ്രാവാക്യമുയർത്തി ജില്ലാ കേന്ദ്രങ്ങളിൽ ദേശസ്നേഹ സദസ്സ് സംഘടിപ്പിക്കും. ദേശസ്നേഹ സദസ്സിൽ രാഷ്ട്രീയ‑സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിൽ അറിയിച്ചു. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സദസ്സ് സംഘടിപ്പിക്കുക.
തിരുവനന്തപുരത്ത് ഗാന്ധിപാർക്കിൽ നടക്കുന്ന ദേശസ്നേഹ സദസ്സ് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ ഉദ്ഘാടനം ചെയ്യും.
കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജയൻ സ്മാരക ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ട ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്ക്വയറിൽ നടക്കുന്ന സദസ്സ് സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.
ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ സംഘടിപ്പിക്കുന്ന സദസ്സ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്യും.
എഐവൈഎഫ് കോട്ടയം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ കിടങ്ങൂരിൽ സംഘടിപ്പിക്കുന്ന സദസ്സ് സിപിഐ നേതാവ് മുല്ലക്കര രത്നാകരൻ ഉദ്ഘാടനം നിർവഹിക്കും.