ഇന്ത്യൻ രാഷ്ട്രീയത്തിൽ മത നിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് എഐവൈ എഫ് സംസ്ഥാന കമ്മിറ്റി. ഇന്ത്യ മുന്നണി രൂപീകരണത്തിൽ നേതൃ പരമായ പങ്കാണ് യെച്ചൂരി വഹിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ ധീരമായ നേതൃത്വത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിനെയും ഇടത് പക്ഷ പ്രസ്ഥാനത്തേയും ശക്തിപ്പെടുത്തുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച സഖാവാണ് സീതാറാം യെച്ചൂരി എന്നും എഐവൈഎഫ് പറഞ്ഞു.
അചഞ്ചലനായ കമ്മ്യൂണിസ്റ്റും മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് തൊഴിലാളി വർഗ്ഗ ക്ഷേമത്തിനായി മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയർത്തിപ്പിടിച്ച നേതാവുമായിരുന്നു യെച്ചൂരി. ഇന്ത്യൻ ജനാധിപത്യം അതിന്റെ ഏറ്റവും സങ്കീർണ്ണമായ വെല്ലുവിളികളെ നേരിടുന്ന ഇക്കാലത്തു സീതാറാം യെച്ചൂരിയെ പോലൊരു നേതാവിന്റെ നഷ്ടം നികത്താൻ കഴിയാത്ത ശൂന്യതയാണെന്നും എഐവൈഎഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.