അമ്മ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ കവിയൂർ പൊന്നമ്മ മലയാള സിനിമയിലെ പകരം വെക്കാനാവാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് എഐവൈഎഫ്. കെപിഎസിയുടെ ‘മൂലധനം’ എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തുകയും പിന്നീട് സിനിമ രംഗത്തേക്ക് കടന്ന് വരികയും തുടർന്നുള്ള അര പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തിൽ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ജന മനസ്സ് കീഴടക്കിയ അഭിനയ വിസ്മയമവുമായിരുന്നു അവർ.
വ്യത്യസ്ത കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള കവിയൂർ പൊന്നമ്മയുടെ അഭിനയ വൈഭവം തന്നെയാണ് മലയാളത്തിന് അവർ പ്രിയങ്കരിയായത്. കവിയൂർ പൊന്നമ്മയുടെ വേർപാട് മലയാള സാംസ്കാരിക ലോകത്തിന് കനത്ത നഷ്ടമാണെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും അനുശോചന സന്ദേശത്തിൽ പറഞ്ഞു.