സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ലഹരി ഉപയോഗം കൊണ്ടുള്ള കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് വൻതോതിൽ വർദ്ധിക്കുകയാണ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ആലുവയിൽ അഞ്ചുവയസ്സുകാരിയുടെ ക്രൂര കൊലപാതകം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അമിതമായ ലഹരി ഉപയോഗമാണ് പ്രതികളെ ഇത്തരം ഹീന പ്രവർത്തനങ്ങൾ ചെയ്യിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നത് എന്നത് വ്യക്തമാണെന്നും എഐവൈഎഫ് കൂട്ടിച്ചേർത്തു.
ലഹരി വില്പനയും ഉപയോഗവും പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സർക്കാർ കൂടുതൽ വിപുലമായ വഴികൾ സ്വീകരിക്കണം. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. ലഹരിക്കെതിരെ എഐവൈഎഫ് ഓഗസ്റ്റ് 20 മുതൽ സംസ്ഥാന വ്യാപകമായി ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും എഐവൈഎഫ് വ്യക്തമാക്കി.
അതേസമയം, വീണ്ടെടുക്കാം മതേതര ഇന്ത്യയെ എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യ ദിനത്തിൽ എഐവൈഎഫ് 14 ജില്ലാ കേന്ദ്രങ്ങളിലും സേവ് ഇന്ത്യ അസംബ്ലി സംഘടിപ്പിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പത്രസമ്മേളനത്തിൽ വ്യക്തമാക്കി.