തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എഐവൈഎഫ് സംഘടിപ്പിക്കുന്ന മതേതര സംഗമത്തിന്റെ പ്രചരണാർത്ഥം നെടുമങ്ങാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരുചക്രവാഹന വിളംബര റാലി സംഘടിപ്പിച്ചു. മതനിരപേക്ഷ ഇന്ത്യയ്ക്കായി ഒരുമിക്കാം തൊഴിലിന് വേണ്ടി പോരാടാം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫിന്റെ നേതൃത്വത്തിൽ മതേതര സംഗമം സംഘടിപ്പിക്കുക. സംസ്ഥാന വ്യാപകമായി സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ വച്ചായിരിക്കും മതേതര സംഗമം നടത്തുക.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മതേതര സംഗമം എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറി ആർ തിരുമലൈ രാമൻ ഉദ്ഘാടനം ചെയ്യും. തൃശൂരിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനും പാലക്കാട് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം എംപിയും ഉദ്ഘാടനം ചെയ്യും.സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു കോട്ടയത്തും കൃഷിമന്ത്രി പി പ്രസാദ് പത്തനംതിട്ട ഉദ്ഘാടനം ചെയ്യും.
ആലപ്പുഴയിൽ ദേശീയ കൺട്രോൾ കമ്മീഷൻ അംഗം പന്ന്യൻ രവീന്ദ്രനും മലപ്പുറത്ത് പി സന്തോഷ്കുമാർ എംപിയും പരിപാടി ഉദ്ഘാടനം നിർവഹിക്കും. കണ്ണൂരിൽ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം നിർവഹിക്കും. കൊല്ലം ജില്ലയിൽ മതേതരസംഗമം സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം നിർവഹിക്കും.