തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിൽ കൈകോർത്ത് എഐവൈഎഫ്. ഒരുമിക്കാം പ്രകൃതിയ്ക്കായ്…കൈകോർക്കാം ഒരു നല്ല നാളേയ്ക്കായ് എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങൾ സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി ദിന പരിപാടികൾക്ക് തിരുവനന്തപുരത്തെ സഖാവ് കെ വി സുരേന്ദ്രനാഥ് ആശാന്റെ വസതിയിൽ ഇന്ന് രാവിലെ തുടക്കമാകും.
50 വർഷങ്ങൾക്ക് മുമ്പാണ് പരിസ്ഥിതി ദിനം ആദ്യമായി ആചരിക്കപ്പെടുന്നത്. ‘ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷ്യൻ’ എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇത്തവണ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റാണ് പരിസ്ഥിതി ദിനത്തിന്റെ ആതിഥേയർ. 2014 മുതൽ പൂർണമായും പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം കൂടിയാണ് കോട്ട് ഡിവോർ. നെതർലൻഡ്‌സ് എന്ന രാജ്യത്തിന്റെ കൂടി സഹകരണം ഇക്കൊല്ലമുണ്ടാകും.
യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ (യുഎൻഇപി) നേതൃത്വത്തിലാണ് എല്ലാ വർഷവും പരിസ്ഥിതി ദിനം ആചരിക്കുന്നത്. 1973 ജൂൺ അഞ്ചിനാണ് ഈ ദിനം ആദ്യമായി ആഘോഷിക്കപ്പെടുന്നത്. ലോകത്തെ ആകെ വരിഞ്ഞുമുറുകുന്ന പ്ലാസ്റ്റിക്കിൽ നിന്നും ലോകത്തെ രക്ഷിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം.