തിരുവനന്തപുരം: പരിസ്ഥിതിയുടെ കാവലാളായി പതിറ്റാണ്ടുകളോളം പ്രവർത്തിച്ച കെ വി സുരേന്ദ്രനാഥിന്റെ ഓർമ്മകൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. ഒരുമിക്കാം പ്രകൃതിക്കായി കൈകോർക്കാം നല്ല നാളേയ്ക്കായ് എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പരിസ്ഥി ദിനാചരണത്തിന്റെ ഉദ്ഘാടനം മുൻ എംപിയും മുതിർന്ന സിപിഐ നേതാവും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന കെ വി സുരേന്ദ്രനാഥിന്റെ തിരുവനന്തപുരത്ത് തിരുമലയിലെ വസതിയിൽ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാസ്റ്റിക് മുക്ത കേരളം യാഥാർത്ഥ്യമാകുവാൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പരിസ്ഥിതിയെ ചേർത്തു നിർത്തുന്ന നിരവധി പ്രവർത്തനങ്ങൾക്കാണ് സംസ്ഥാനത്തുടനീളം എഐവൈഎഫ് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം മരങ്ങൾ വെച്ചുപിടിപ്പിച്ചും, ശുദ്ധജല സ്രോതസ്സുകൾ വൃത്തിയാക്കുകയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചും, എഐവൈഎഫ്ഐ ഒരാഴ്ച കാലം പരിസ്ഥിതി വാരാചരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദർശ്കൃഷ്ണ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ എസ് ജയൻ, സംസ്ഥാന കമ്മിറ്റി അംഗം അൽജിഹാൻ, സിപിഐ മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രൻ, സുരേന്ദ്രനാഥിന്റെ കുടുംബാംഗം അഡ്വക്കേറ്റ് എസ് എസ് ജീവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.