വയനാട് ദുരിതബാധിതർക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ച് നൽകുന്ന 10 വീടുകളുടെ ധനസമാഹരണത്തിനായി എഐവൈഎഫ് കാറളം മേഖല കമ്മിറ്റി “അതിജീവനത്തിന്റെ തട്ടുകട” കാറളം സെന്ററിൽ സംഘടിപ്പിച്ചു. എഐവൈഎഫ് ജില്ല പ്രസിഡന്റ് ബിനോയ് ഷബീർ ഉദ്ഘാടനം ചെയ്തു. ലോകം കോവിഡ് മഹാമാരിയെ നേരിടുന്ന സന്ദർഭത്തിൽ കേരള ജനതക്ക് താങ്ങാവുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി ബിരിയാണി ചലഞ്ച് എന്ന ക്യാംപെയിൻ നാടിനെ പരിചയപ്പെടുത്തിയ കാറളത്തിന്റെ മണ്ണ് എഐവൈഎഫ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകുന്നത് മാതൃകാപരമാണെന്ന് ഉദ്ഘാടകൻ കൂട്ടി ചേർത്തു.
സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം കെ.ശ്രീകുമാർ, ജില്ല കൗൺസിൽ അംഗം എൻ.കെ ഉദയപ്രകാശ്, എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ടി.വി വിബിൻ, പ്രസിഡന്റ് വിഷ്ണു ശങ്കർ, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, സിപിഐ കാറളം ലോക്കൽ സെക്രട്ടറി കെ.എസ് ബൈജു, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ വലിയാട്ടിൽ, കാറളം ഗ്രാമപഞ്ചായത്ത് അംഗം ടി.എസ് ശശികുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ശ്യാംകുമാർ പി.എസ് അദ്ധ്യക്ഷത വഹിച്ചു, മേഖല സെക്രട്ടറി ഷാഹിൽ സ്വാഗതവും എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി വിഘ്നേഷ് പി.വി നന്ദിയും പറഞ്ഞു.