കരുനാഗപ്പള്ളി:എഐവൈഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മതേതര സദസ്സും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൌൺ ക്ലബ്ബിൽ നടന്ന പരിപാടി സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ രാമചന്ദ്രൻ എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
എല്ലാ മത വിശ്വാസികളെയും ഉൾകൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ മതേതരത്വ മൂല്യങ്ങൾ ആരാലും തകർക്കാൻ കഴിയുന്ന ഒന്നല്ല. ഇന്ന് രാജ്യം ഭരിക്കുന്നവരുടെ ശ്രമം ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കി മാറ്റുക എന്നതാണ്. എന്നാൽ ഇന്ത്യൻ ഭരണഘടന എല്ലാ മനുഷ്യർക്കും അനുവദിച്ചു നൽകിയ സ്വാതന്ത്ര്യം ഒന്നാണ്. അത് ഏതെങ്കിലും മതത്തെയോ മത വിശ്വാസിയെയോ മറ്റൊരു മതമോ അധികാരമോ ഉപയോഗിച്ച് തകർക്കാനുള്ള സ്വാതന്ത്ര്യം അല്ല. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ്. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളെ തകർത്തെറിഞ്ഞു ഏകോതര സഹോദരങ്ങളായി ഒന്നിച്ചു ഈ ഭൂമിയിൽ ജീവിക്കാൻ നമുക്ക് കഴിയണം. അതിന് പുതു തലമുറ കൂടുതൽ ജാഗരൂകരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി യു കണ്ണൻ സ്വാഗതം പറഞ്ഞു. കരുനാഗപ്പള്ളി ടൌൺ മസ്ജിദ് ഇമാം ഷാഹിദ് ഖാസിമി, കൊല്ലക മാർത്തോമപള്ളി വികാരി ഫാ:ജിനു ജേക്കബ്ബ് എന്നിവർ പ്രഭാഷണം നടത്തി. സിപിഐ മണ്ഡലം സെക്രട്ടറി ഐ ഷിഹാബ്, ജില്ലാ കൗൺസിൽ അംഗം ജഗത് ജീവൻ ലാലി, അസിസ്റ്റന്റ് സെക്രട്ടറി കെ ശശിധരൻ പിള്ള, എഐവൈഎഫ് ജില്ലാ കൗൺസിൽ അംഗം രശ്മി അംജിത്ത്, എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം ഡി അജ്മൽ, മണ്ഡലം സെക്രട്ടറി ഗൗതം കൃഷ്ണ, അജാസ് എസ് പുത്തൻപുരയിൽ, മനോജ് എം തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അൻസർ ജമാൽ എം നന്ദി പറഞ്ഞു.